അന്തർദേശീയം

ഹോളിവുഡ് ആക്‌ഷൻ ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു

ന്യൂയോർക്ക് : ഹോളിവുഡ് ആക്‌ഷൻ ഇതിഹാസം ചക്ക് നോറിസ് (86) അന്തരിച്ചു. ദ് ഡെൽറ്റ ഫോഴ്സ്, മിസ്സിങ് ഇൻ‍ ആക്‌ഷൻ എന്നീ സിനിമകൾ ശ്രദ്ധേയമാണ്. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വാക്കർ, ടെക്സാസ് റേഞ്ചർ എന്നീ ഹിറ്റ് പരമ്പരയിലൂടെയും ജനഹൃദയങ്ങൾ കീഴടക്കി.

കുടുംബമാണ് സമൂഹമാധ്യമത്തിലൂടെ വിയോഗ വാർത്ത പങ്കുവച്ചത്. വ്യാഴാഴ്ച ഹവായിയിൽ വച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1972ൽ പുറത്തിറങ്ങിയ ‘ദി വേ ഓഫ് ദി ഡ്രാഗൺ’ എന്ന ചിത്രത്തിൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 1970കളിലും 80 കളിലും ആക്‌ഷൻ ഹീറോ എന്ന നിലയിൽ പേരെടുത്തു. 90 കളിൽ അദ്ദേഹം അഭിനയിച്ച ടെലിവിഷൻ പരമ്പരകൾ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു.

ഒക്‌ലഹോമയിലാണ് ചക്ക് നോറിസ് ജനിച്ചത്. 1950കളുടെ അവസാനത്തിൽ യുഎസ് വ്യോമസേനയുടെ ഭാഗമായി കൊറിയയിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് ആയോധനകല പരിശീലിക്കുന്നത്. സ്വന്തമായി ഒരു കരാട്ടെ ശൈലി തന്നെ അദ്ദേഹം രൂപീകരിച്ചു. ലോക കരാട്ടെ ചാംപ്യനായി വിരമിച്ച ശേഷമാണ് അദ്ദേഹം അഭിനയത്തിലേക്ക് തിരിഞ്ഞത്. പ്രശസ്ത നടൻ സ്റ്റീവ് മക്വീന്റെ പ്രോത്സാഹനമാണ് തന്നെ അഭിനയരംഗത്തേക്ക് എത്തിച്ചതെന്ന് നോറിസ് മുൻപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ ‘ചക്ക് നോറിസ് ഫാക്ട്സ്’ എന്നറിയപ്പെടുന്ന മീമുകളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന മീമുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button