ആരോഗ്യംദേശീയം

എച്ച്എംപിവി ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗലൂരു : രാജ്യത്ത് ആദ്യമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചിട്ടുള്ളത് എന്നത് പരിശോധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

കുട്ടിക്ക് ബാധിച്ചിട്ടുള്ളത് ഏതു വേരിയന്റ് ആണെന്ന് കണ്ടെത്തുന്നതിനായി കുഞ്ഞിന്റെ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് സാധാരണയായി എച്ച്എംപിവി രോഗബാധ കൂടുതലായി കണ്ടു വരുന്നത്. ചൈനയില്‍ എച്ച്എംപിവി വൈറസ് പടരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button