ചരമംയൂറോപ്യൻ യൂണിയൻ വാർത്തകൾ

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ലണ്ടന്‍ : ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനായ ഗോപിചന്ദ് പി ഹിന്ദുജ (85) അന്തരിച്ചു. ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമനാണ് ഗോപിചന്ദ്. 2023 മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ശ്രീകാന്ത് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

ഹിന്ദുജ ഗ്രൂപ്പിനെ ആഗോളതലത്തില്‍ ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനമാക്കി മാറ്റുന്നതില്‍ ഗോപിചന്ദ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിലെ ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരായ വ്യക്തികളാണ് ഗോപിചന്ദ് ഹിന്ദുജയും കുടുംബവും. പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയുമാണ് മറ്റ് രണ്ട് സഹോദരന്മാര്‍.

ബിസിനസ് സര്‍ക്കിളുകളില്‍ ‘ജിപി’ എന്നറിയപ്പെടുന്ന ഗോപിചന്ദ് ഹിന്ദുജ 1950ലാണ് കുടുംബ ബിസിനസില്‍ ചേര്‍ന്നത്. ഇന്തോ-മിഡില്‍ ഈസ്റ്റ് വ്യാപാര പ്രവര്‍ത്തനത്തില്‍ നിന്ന് കമ്പനിയെ ഒരു അന്തര്‍ദേശീയ കൂട്ടായ്മയാക്കി മാറ്റിയതിന്റെ ബഹുമതി അദ്ദേഹത്തിനാണ്. ബോംബെ ജയ് ഹിന്ദ് കോളജില്‍ നിന്ന് ബിരുദം നേടിയ ഗോപിചന്ദ്, വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും റിച്ച്മണ്ട് കോളേജില്‍ നിന്നും ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

ഓട്ടോമോട്ടീവ്, ബാങ്കിങ്, ഫിനാന്‍സ്, ഐടി, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, പവര്‍, മീഡിയ, വിനോദം എന്നിവയുള്‍പ്പെടെ പതിനൊന്ന് മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പിന് ബിസിനസുകളുണ്ട്. 1984-ല്‍ ഗള്‍ഫ് ഓയില്‍ ഏറ്റെടുത്തതും 1987-ല്‍ അശോക് ലൈലാന്‍ഡിനെ ഏറ്റെടുത്തതും അദ്ദേഹമെടുത്ത സുപ്രധാന തീരുമാനങ്ങളായിരുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ഇത് നിര്‍ണായകമായി.

അവിഭക്ത ഇന്ത്യയിലെ സിന്ധില്‍ നിന്ന് ഇറാനിലേക്ക് താമസം മാറിയ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് 1919-ല്‍ ഹിന്ദുജ ഗ്രൂപ്പ് ആരംഭിച്ചത്. 1979-ല്‍ ബിസിനസ് ആസ്ഥാനം ഇറാനില്‍ നിന്ന് ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button