എംഎസ്സി എല്‍സ-3 അപകടം: കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി : അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടില്‍ ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെതാണ് ഉത്തരവ്.
കപ്പലിന്റെ ഉടമകളായ എംഎസ്സി ഷിപ്പിങ് കമ്പനിക്കെതിരെ ഫയല്‍ ചെയ്ത സ്യൂട്ടില്‍ 9531 കോടി രൂപ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് എണ്ണചോര്‍ച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ഉപജീവന മാര്‍ഗ നഷ്ടം, കപ്പലിലെ കണ്ടെയ്നറുകളില്‍ നിന്നും പുറംതള്ളിയ മാലിന്യങ്ങള്‍ നീക്കല്‍ എന്നിവ ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം തേടിയത്.
എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തുക യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പല്‍ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്കാന് അധികാരമില്ലെന്നും അവര്‍ വാദിച്ചിരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. ചരിവ് നിവര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലില്‍നിന്ന് വീണ കണ്ടെയ്നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്.