പാലിയേക്കര ടോൾ വിലക്ക് നീക്കി ഹൈക്കോടതി

കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി. ടോൾ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നൽകിയത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഏർപ്പെടുത്തിയത്.
ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതിയ നിരക്കിൽ പിരിക്കരുത്. പഴയ നിരക്ക് തുടരണം. ജനങ്ങളെയും – ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചുള്ള ഉത്തരവ് എന്ന് കോടതി അറിയിച്ചു.
ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗതാഗത കുരുക്ക് പരിഗണിച്ച് ടോൾ നിരക്ക് കുറക്കണമെന്ന് കോടതി നിർദ്ദേശിച്ചുവെങ്കിലും നിരക്ക് കുറക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
ദേശീയപാതയില്‍ സുരക്ഷാപ്രശ്നങ്ങള്‍ തുടരുകയാണെന്ന് തൃശൂർ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സര്‍വ്വീസ് റോഡ് പലയിടത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ശബരിമല മണ്ഡലകാലത്തിനു മുന്‍പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കളക്ടർ ചൂണ്ടിക്കാട്ടി.
സ്ഥലം സന്ദര്‍ശിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്ന് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ റിപ്പോർട്ട് കളക്ടർ നാളെ കോടതിയിൽ സമർപ്പിക്കും. ആഗസ്റ്റ് 6 നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്.