അന്തർദേശീയം

ഇസ്രായേലിനെ ആക്രമിച്ച് ഹിസ്ബുല്ലയും ഹൂത്തികളും

തെല്‍ അവീവ് : ഇറാനും ഹിസ്ബുല്ലക്കും പുറമെ ഹൂത്തികളും കൂടി പോര്‍മുഖം തുറന്നതോടെ ഇസ്രായേലില്‍ കനത്ത ജാഗ്രത. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ മുന്നറിയിപ്പുകൾ മുഴങ്ങി. ഇറാന്റെ ഭാഗത്തുനിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങളും ലബനൻ അതിർത്തിയിലെ ഹിസ്ബുല്ലയുമായുള്ള കടുത്ത പോരാട്ടവും ഇസ്രായേലിനെ അതീവ സങ്കീർണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് മിസൈലുകൾ പ്രതിരോധിച്ചെന്നാണ് ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്. തെക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെത്തുടർന്ന് നെഗേവ് , ചാവുകടൽ മേഖലകളിലാണ് അപായ സൈറണുകൾ മുഴങ്ങിയത്. വടക്ക് നിന്ന് ഹിസ്ബുല്ലയും കിഴക്ക് നിന്ന് ഇറാനും ആക്രമണം നടത്തുമ്പോൾ, തെക്ക് ഭാഗത്ത് നിന്ന് യെമനിലെ ഹൂതി വിമതരും ഇസ്രായേലിനെതിരെ നീങ്ങുന്നുണ്ട്.

ഇതോടെ ഒരേസമയം മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള ഭീഷണിയെയാണ് ഇസ്രായേൽ പ്രതിരോധ സേന നേരിടുന്നത്. അതേസമയം ലബനൻ അതിർത്തിയിലാണ് നിലവിൽ ഏറ്റവും രൂക്ഷമായ പോരാട്ടം നടക്കുന്നത്. തെക്കൻ ലബനനിലേക്ക് കരമാർഗമുള്ള സൈനിക നീക്കം ഇസ്രായേൽ ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്ച മാത്രം ഏകദേശം 250-ഓളം റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ല പ്രയോഗിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ നിമിഷവും സൈറണുകൾ മുഴങ്ങുന്നതിനാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ഒരു പൂർണ്ണ തോതിലുള്ള പ്രാദേശിക യുദ്ധത്തിന്റെ വക്കിലാണ് നിലവിൽ പശ്ചിമേഷ്യ. ഇസ്രായേൽ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button