കേരളം

സംസ്ഥാനത്ത് കനത്ത മഴ; വൻനാശനഷ്ടങ്ങൾ; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നുവെന്ന് കേന്ദ്ര ജലകമ്മിഷന്‍. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കരമന നദിക്കരയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ കരമന നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് വീടിന്റെ ഒരുവശം ഇടിഞ്ഞ് വീണു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇടിഞ്ഞു വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പത്തനംതിട്ട തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളിയുടെ മതില്‍ക്കെട്ട് ഇടിഞ്ഞു. കോഴിക്കോട് കായണ്ണയില്‍ ഇടിമിന്നലിലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. കായണ്ണ നമ്പ്രതുമ്മൽ സ്വദേശിനികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പരിക്കേറ്റ കദീശ, നസീമ, അനിത, സുമിഷ, റുഖിയ, കല്യാണി എന്നിവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

കനത്ത മഴയില്‍ തിരുവല്ല തീപ്പനിയില്‍ വെള്ളക്കെട്ടില്‍ വീട്ടില്‍ ഒറ്റപ്പെട്ട വീട്ടമ്മയെ രക്ഷിച്ചു ഫയര്‍ഫോഴ്‌സ്. വെള്ളത്തില്‍ അകപ്പെട്ടു പോയ പൊന്നമ്മ ഡാനിയേലിനെയാണ് രക്ഷിച്ചത്. ഉച്ച മുതല്‍ ജില്ലയില്‍ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button