അന്തർദേശീയം

കോംഗോയിൽ വെള്ളപ്പൊക്കം; 30 പേർ മരിച്ചതായി റിപ്പോർട്ട്‌

കിൻഷാസ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ വെള്ളപ്പൊക്കത്തിൽ ഏകദേശം 30 പേർ മരിച്ചതായി റിപ്പോർട്ട്‌. വാരാന്ത്യത്തിൽ പെയ്ത പേമാരിയിൽ വീടുകളും റോഡുകളും തകർന്നതായി പ്രവിശ്യാ ആരോഗ്യ മന്ത്രി ഞായറാഴ്ച പറഞ്ഞു.

“മരണസംഖ്യ കൃത്യമല്ല. പക്ഷേ ഇതുവരെ മുപ്പതോളം പേർ മരിച്ചിട്ടുണ്ട്,” പാട്രീഷ്യൻ ഗോംഗോ അബാകാസി റോയിട്ടേഴ്‌സിനോട് പറഞ്ഞു. മഴയെത്തുടർന്ന്‌ പ്രദേശത്ത്‌ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിട്ടുണ്ട്‌.

ജലവിതരണ സംവിധാനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിതരണം പുനഃസ്ഥാപിക്കുമെന്ന് കിൻഷാസ ഗവർണർ ഡാനിയേൽ ബുംബ ലുബാക്കി പറഞ്ഞു.

അനധികൃത ഭവന നിർമാണമാണ്‌ വെള്ളപൊക്കത്തിന്‌ കാരണമെന്ന്‌ ഡാനിയേൽ ബുംബ ലുബാക്കി കുറ്റപ്പെടുത്തി. അതിനാൽ തന്നെ ആസൂത്രണം ചെയ്യാത്ത ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ആളുകളെ കുടിയിറക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോ എം23 വിമതരുടെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഉയർന്ന ധാതുനിക്ഷേപമുള്ള പ്രദേശം പിടിച്ചടക്കാനായി അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ പത്തുവർഷത്തോളമായി കോംഗോയുമായി യുദ്ധത്തിലാണ്‌. 2012ൽ ഇവർ ഗോമ അധീനപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button