വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിക്കുന്നു; ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്

ഗസ്സ : വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി ഗസ്സയിലെ ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബന്ദിമോചനമുണ്ടാകില്ലെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച നടക്കാനിരുന്ന ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും അനിശ്ചിതത്വത്തിലായി.
വെടിനിർത്തൽ ധാരണ ലംഘിച്ചും ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികൾ തിരികെയെത്തുന്നത് തടയാൻ ഇസ്രായേൽ ശ്രമിക്കുകയാണ്. ഫലസ്തീനികളെ തടയാനായി ഷെല്ലിങ്ങും വെടിവെപ്പും നടക്കുന്നു. ഗസ്സയിലേക്ക് മാനുഷിക സഹായമെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നും ഹമാസ് കുറ്റപ്പെടുത്തി.
തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗസ്സയിലെ ആശുപത്രികൾക്കും മറ്റും വേണ്ട അടിയന്തര സഹായം തടയുക, വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികൾക്കു നേരെ ആക്രമണം നടത്തുക, രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്ക് വിഘാതം സൃഷ്ടിക്കുക എന്നിവ കരാർ ലംഘനമാണെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു. കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവെച്ചതായും അബൂ ഉബൈദ അറിയിച്ചു.
അതേസമയം, ഹമാസിന്‍റെ നീക്കം വെടിനിർത്തൽ കരാറിന്‍റെ ലംഘനമാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേൽ കാർട്സ് പറഞ്ഞു. സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കരാർ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഹമാസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ തെൽ അവിവിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു. വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറരുതെന്ന് സർക്കാറിന് മേൽ സമ്മർദം ചെലുത്താനാണ് നീക്കം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തെൽ അവിവിൽ റാലി നടത്തി.
അതിനിടെ, ഗസ്സയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന കടുപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധമാണ്. ഗസ്സ പുനർനിർമിക്കുമ്പോൾ ഒരു ഭാഗം മിഡിലീസ്റ്റിലെ രാജ്യങ്ങൾക്ക് നൽകാം. ഞങ്ങളുടെ പിന്തുണയോടെ മറ്റുള്ളവർക്കും പുനർനിർമിക്കാം. എന്നാൽ, അവകാശം ഞങ്ങൾക്കാകും. ഹമാസ് തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തും. തകർന്ന ഗസ്സ ജനവാസ യോഗ്യമല്ല. സുരക്ഷിത സ്ഥലത്ത് വീട് നൽകിയാൽ അവർ തിരിച്ചുവരാൻ ആഗ്രഹിക്കില്ല. മോചിപ്പിക്കുന്ന ബന്ദികളെ കാണുമ്പോൾ വംശഹത്യയുടെ ഇരകളെ പോലെ തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയെ ഹമാസ് അപലപിച്ചു. മണ്ടത്തവും ഫലസ്തീനെയും ഈ മേഖലയെയും കുറിച്ചുള്ള അങ്ങേയറ്റത്തെ അജ്ഞതയുമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അൽ റിശ്ഖ് പ്രതികരിച്ചു. വാങ്ങാനും വിൽക്കാനും ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല. റിയൽ എസ്റ്റേറ്റ് വിൽപനക്കാരന്റെ മനസ്സുമായി വന്നാൽ പരാജയപ്പെടുത്തും. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഏതു നീക്കത്തെയും ജനം വിഫലമാക്കുമെന്നും ഹമാസ് പറഞ്ഞു.