‘ഇസ്രയേലിന്റെ ‘ഹൃദയം തകര്‍ന്ന ദിനം’; കൊല്ലപ്പെട്ട നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറി ഹമാസ്

ഖാന്‍യൂനിസ് : ബന്ദിയാക്കപ്പെടുമ്പോള്‍ 9 മാസം മാത്രം പ്രായമുണ്ടായിരുന്ന കെഫിര്‍ ബിബാസിന്റെതുള്‍പ്പെടെ നാല് ഇസ്രയേലി പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറി. കെഫിര്‍ ബിബാസ്, സഹോദരി ഏരിയല്‍, മാതാവ് ഷിരി ബിബാസ് എന്നിവര്‍ക്ക് പുറമെ 83 കാരനായ ഓഡെഡ് ലിഫ്ഷിറ്റ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് വ്യാഴാഴ്ച റെഡ് ക്രോസിന് കൈമാറിയത്. ഇതാദ്യമായാണ് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറുന്നത്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടത് എന്നാണ് ഹമാസ് നല്‍കുന്ന വിശദീകരണം.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ പ്രാന്തപ്രദേശത്ത് വച്ചായിരുന്നു മൃതദേഹങ്ങള്‍ കൈമാറിയത്. ആയുധധാരികളായ ഹമാസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. 2023 ഒക്ടോബര്‍ 23 ന് ഹമാസ് ഇസ്രയേല്‍ പ്രദേശങ്ങളില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരും. ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങളില്‍ ചുവന്ന തലമുടിയും മോണകാട്ടി ചിരിച്ചുമുള്ള കെഫിര്‍ ബിബാസിന്റെ ചിത്രം ആഗോള തലത്തില്‍ തന്നെ ശ്രദ്ധനേടിയിരുന്നു.
ബന്ദികളുടെ മരണം സ്ഥിരീകരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ‘ഇസ്രയേലിന്റെ ദുഃഖകരമായ ദിനം’ എന്നാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകര്‍ന്ന ദിവസമാണ്. വീര മൃത്യുവരിച്ചവരെ ഞങ്ങള്‍ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നു എന്നും നെതന്യാഹു പറഞ്ഞു.
15 മാസങ്ങള്‍ നീണ്ട ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ബന്ദികളുടെ കൈമാറ്റം ആരംഭിച്ചത്. ഹമാസ് മോചിപ്പിച്ച 24 ബന്ദികളുടെ മടങ്ങിവരവ് നേരത്തെ ഇസ്രയേല്‍ വലിയ ആഘോഷമാക്കിയിരുന്നു. എന്നാല്‍ മൃതദേഹങ്ങളുടെ കൈമാറ്റം ഇസ്രയേല്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തില്ല.
ഒക്ടോബര്‍ 23 ലെ ഹമാസ് ആക്രമണത്തില്‍ 1200 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ബന്ദികളില്‍ ഭൂരിഭാഗവും വരുന്ന സ്ത്രീകളും കുട്ടികളും വെടിനിര്‍ത്തല്‍ കരാറുകളുടെയും മറ്റ് ധാരണകളുടെയും പശ്ചാത്തലത്തില്‍ ബോധിപ്പിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ ശനിയാഴ്ച അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ ആറ് ഇസ്രയേലികളെ കൂടി ഹമാസ് മോചിപ്പിച്ചിരുന്നു. നൂറ് കണക്കിന് പലസ്തീന്‍ പൗരന്‍മാരെ ഇസ്രയേല്‍ ജയിലില്‍ നിന്നും മോചിപ്പിച്ചതിന് പിന്നാലെ ആയിരുന്നു ബന്ദികളെ കൈമാറിയത്. ഇതിന് ശേഷമാണ് നാല് മൃതദേങ്ങള്‍ വരും ദിവസങ്ങളില്‍ കൈമാറുമെന്ന് ഹമാസ് പ്രഖ്യാപിച്ചത്.
അറുപതോളം ബന്ദികള്‍ കൂടിയാണ് ഹമാസിന്റെ പക്കലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെല്ലാം പുരുഷന്‍മാരുമാണെന്നാണ് വിവരം. ഇവരില്‍ ഒരു ഭൂരിഭാഗവും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 48,000 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ വലിയൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്. 17000 ത്തോളം ഹമാസ് പ്രവര്‍ത്തരെ വകവരുത്തിയതായി ഇസ്രയേലും അവകാശപ്പെടുന്നു.