പുണെ : മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത്. രോഗികളുടെ സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. നാഡീകോശങ്ങളെ ബാധിക്കുന്ന അപൂര്‍വ രോഗമാണിത്. പ്രദേശത്തെ വീടുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.
വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം. രോഗലക്ഷണങ്ങളുമായെത്തിയ എല്ലാവരുടേയും രക്തം, മലം, തൊണ്ടയിലെ സ്രവങ്ങള്‍, ഉമിനീര്, മൂത്രം, സെറിബ്രോസ്പൈനല്‍ ഫ്ലൂയിഡ് എന്നിവയുടെ സാമ്പികളുകള്‍ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചുവരികയാണ്. മലിനമായ ജലവും ഭക്ഷണവും ഉപയോഗിക്കുന്നതാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. ഗില്ലന്‍ ബാ സിന്‍ഡ്രോം പുതിയ രോഗമല്ലെങ്കിലും ഇത്രയും പേര്‍ക്ക് ഈ അപൂര്‍വരോഗം ഒരുമിച്ച് സംശയിക്കുന്നത് ആശങ്കയാകുകയാണ്.
തലച്ചോറില്‍ നിന്നും സുഷുമ്നാ നാഡിയില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകള്‍ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ തന്നെ ഒരാളുടെ രോഗപ്രതിരോധ സംവിധാനം തെറ്റായി ആക്രമിക്കുന്നതുമൂലമാണ് ഗില്ലന്‍ ബാ സിന്‍ഡ്രോം ഉണ്ടാകുന്നത്. കൈകളും കാലുകളും വിടര്‍ത്താനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗബാധ സംശയിക്കുന്നവര്‍ക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നല്കി വരികയാണ്.