കൊലയാളി തിമിംഗലങ്ങളുടെ അസാധാരണ സാന്നിധ്യം: പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗ്രീൻലാൻഡ്

ഗ്രീൻലാൻഡ് : ഹിമപാളികൾ വേഗത്തിൽ ഉരുകുന്നതും സമുദ്രപരിസ്ഥിതിയിലെ മാറ്റങ്ങൾക്കും പിന്നാലെ ഗ്രീൻലാൻഡിൽ പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപകാലത്ത് കൊലയാളി തിമിംഗലങ്ങൾ (കില്ലർ വെയിൽസ്, ഒർക്ക) കൂട്ടമായും അല്ലാതെയും ഗ്ലേഷ്യർ ഉൾക്കടലുകളിലും തീരപ്രദേശങ്ങളിലും ദൃശ്യമായതോടെയാണ് ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം.
കാലാവസ്ഥ മാറ്റത്തെ തുടർന്ന് മഞ്ഞുരുകുന്നത് വർധിച്ചതോടെയാണ് ഒർക്കകൾക്ക് ഈ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ കടന്നുവരാൻ സാധിക്കുന്നത്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഗ്രീൻലാൻഡിന്റെ പടിഞ്ഞാറൻ തീരത്തും ഗ്ലേഷ്യർ ഉൾക്കടലുകളിലും ഒർക്കകളുടെ സാന്നിധ്യം വർധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇത് മനുഷ്യർക്ക് നേരിട്ടുള്ള ഭീഷണിയല്ലെങ്കിലും പരിസ്ഥിതി സന്തുലിതാവസ്ഥ തകരുന്നുവെന്ന മുന്നറിയിപ്പാണ് നൽകുന്നത്. ഐസ് കവചം കുറയുന്നതോടെ ഒർക്കകൾ, നാർവാൾ, സീൽ തുടങ്ങി മറ്റ് സമുദ്രജീവികൾക്ക് വലിയ ഭീഷണിയാകുന്നുണ്ട്. ഇതുവഴി ഭക്ഷ്യശൃംഖലയിൽ വലിയ അസ്ഥിരത ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഐസ് നിലയും ഒർക്കകളുടെ ചലനങ്ങളും നിരീക്ഷിക്കാൻ സാറ്റലൈറ്റ്, ഡ്രോൺ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഗ്രീൻലാൻഡിലെ ഈ അവസ്ഥ ആർട്ടിക് മേഖലയിലെ കാലാവസ്ഥ മാറ്റത്തിന്റെ ഗുരുതരമായ സൂചനയാണെന്നാണ്. ഐസ് പാളികൾ ഉരുകുന്നതും സമുദ്രത്തിലെ ജീവികളുടെ താമസമേഖല മാറുന്നതും അടുത്ത വർഷങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.



