അവകാശികളില്ലാത്ത നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു
അവകാശികളില്ലാതെ മാൾട്ടീസ് ആശുപത്രികളിൽ സൂക്ഷിച്ച നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു.
കഴിഞ്ഞ വർഷം മരിച്ച നാല് പേരുടെ ശവസംസ്കാരമാണ് ഒരു സംഘം ഗോസോ ഇടവകക്കാർ ഏറ്റെടുത്തത്. വിക്ടോറിയയിലെ സെൻ്റ് ജോർജ്ജ് ഇടവക അംഗങ്ങൾ അല്ലെങ്കിൽകൂടി റെയ്മണ്ട് ബൽസാൻ, ആൻ്റണി ബോർഗ്, വലേരി ജീൻ ഓസ്റ്റിൻ, ആൽബർട്ട് ടാൻ്റി എന്നിവരുടെ മൃതദേഹങ്ങളാണ് ഗോസോ ഇടവക ഏറ്റെടുത്ത് അവർക്ക് മാന്യമായ യാത്രയയപ്പ് നൽകുന്നത്.
എല്ലാ വർഷവും, ആരും അവകാശപ്പെടാത്ത കുറച്ച് മൃതദേഹങ്ങൾ ആശുപത്രിയിൽ അവശേഷിക്കാറുണ്ട്. ഈ വർഷം ഇത്തരത്തിൽ നാല് പേർ ഉണ്ടായിരുന്നു. ആവർത്തിച്ച് സർക്കാർ അറിയിപ്പുകൾ നൽകിയിട്ടും ഈ മൃതദേഹങ്ങൾ മാസങ്ങളോളം ക്ലെയിം ചെയ്യപ്പെടാതെ കിടക്കുകയായിരുന്നു. സാധാരണഗതിയിൽ അവരെ പൊതുശ്മശാനത്തിലാണ് അടക്കേണ്ടത്. അധികാരികളുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, ആരോഗ്യ, സജീവ വയോജന മന്ത്രാലയത്തിൻ്റെയും പൊതുജനാരോഗ്യ സൂപ്രണ്ടിൻ്റെയും സഹായത്തോടെ ആ മൃതദേഹങ്ങൾ ഗോസോ ഇടവക ഏറ്റെടുക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഇവരുടെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുക. മൃതദേഹങ്ങളിൽ ഒന്ന് ഇതിനകം ഗോസോയിലും മൂന്നെണ്ണം മാൾട്ടയിലുമാണുള്ളത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മൃതദേഹങ്ങളും ഗോസോയിലേക്ക് കൊണ്ടുപോകും. തുടർന്ന് ശവസംസ്കാര ശുശ്രൂഷയ്ക്കായി സെൻ്റ് ജോർജ്ജ് ബസിലിക്ക സെമിത്തേരിയിൽ സംസ്കരിക്കും. സംസ്കാരം ഇടവക ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.