ജയിൽചാടി മണിക്കൂറുകൾക്കകം ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ ജയിലിൽ നിന്നും ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കു അകം പിടികൂടി. കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്തുനിന്നാണ് പിടിയിലായതെന്നാണ് വിവരം. ഒറ്റക്കൈ കൊണ്ട് മതിൽചാടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ട്രെയിനിൽനിന്ന് സൗമ്യയെന്ന പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഉടനെ ഗോവിന്ദച്ചാമിയെ എത്തിക്കും.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.