കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ; പവന് കൂടിയത് 2,160 രൂപ

കൊച്ചി : കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്ന് വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും സർവകാല റെക്കോർഡാണ്. സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമധികമാണെന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ 3നും സ്വർണവില ഇതേ ഉയരത്തിൽ എത്തിയിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 8) പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. അതായത്, രണ്ടുദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെയും ഗ്രാമിന് 335 രൂപയുടെയും വർധന. 18 കാരറ്റ് സ്വർണവിലയും ഇന്നു കുതിച്ചുകയറി റെക്കോർഡിലെത്തി. . രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 150 ഡോളറിനടുത്താണ് കയറിയത്. ഒറ്റദിവസം ഇത്രയും വലിയ കയറ്റം ചരിത്രത്തിലാദ്യം. ഇന്നലെ 3,000 ഡോളർ നിലവാരത്തിലായിരുന്ന വില ഇപ്പോഴുള്ളത് 117 ഡോളർ ഉയർന്ന് 3,129 ഡോളറിൽ. കഴിഞ്ഞയാഴ്ച കുറിച്ച 3,169.99 ഡോളറാണ് റെക്കോർഡ്.