ദേശീയം

രാജസ്ഥാനിൽ കുഴൽകിണറിൽ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി

ജയ്പൂർ : കുഴൽകിണറിൽ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. രാജസ്ഥാൻ കോട്ട്പുത്‌ലിയിലാണ് സംഭവം. ഡിസംബർ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ വീണത്. കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി കിണറ്റിൽ വീണത്. കാണാതായ കുട്ടിയെ തിരഞ്ഞ വീട്ടുകാർ കിണറ്റിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ എൻഡിആർഎഫ്, എസ്ഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനം നിമിഷങ്ങൾക്കുള്ളിൽ തുടങ്ങി. കുഴിയിലേക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവും എത്തിച്ചു.

കുട്ടിയെ കയറിൽ കുരുക്കി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. തുടർന്ന് സമാന്തരമായി കുഴിച്ച് രക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യം നിർമിച്ച കുഴിയുടെ ദിശ മാറിപ്പോയത് രക്ഷാപ്രവർത്തനത്തെ വൈകിച്ചു. ഒടുവിൽ മറ്റൊരു കുഴി കുഴിക്കുകയായിരുന്നു.

അവസാന മണിക്കൂറുകളിൽ കിണറ്റിലേക്ക് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായില്ല. എന്നാൽ കുട്ടിയെ ജീവനോടെ രക്ഷിക്കുകയായിരുന്നു.

പുറത്തെടുത്ത കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button