അന്തർദേശീയം

രാക്ഷസ തിരമാല : പെറുവിൽ 91 തുറമുഖങ്ങൾ അടച്ചു; ഒരു മരണം

ലിമ : പെറുവിൽ ആഞ്ഞടിച്ച് ഭീമൻ തിരമാല. പെറുവിന്റെ വടക്കൻ – മധ്യ തീരപ്രദേശങ്ങളിൽ ശനിയാഴ്ചയാണ് തിരമാല ആക്രമണമുണ്ടായത്. 13 അടി ഉയരത്തിലാണ് തിരമാല ആഞ്ഞടിച്ചത്. ഇക്വഡോറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇക്വഡോറിലെ തീരദേശ നഗരമായ മാന്‍ഡ സ്വദേശിയാണ് തിരമാലകളില്‍പ്പെട്ട് മരിച്ചത്. പുലര്‍ച്ചെ ആറു മണിയോടെയാണ് ഇയാളുടെ മൃതദേഹം കരയ്ക്കടി‍ഞ്ഞതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ഇക്വഡോറുമായി കിഴക്കും തെക്കും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പെറു. പെറു തലസ്ഥാനമായ ലിമയ്ക്കടുത്തുള്ള കലോ നഗരത്തിലെ പ്രധാന തുറമുഖങ്ങളും ബീച്ചുകളും അടച്ചു. പെറുവില്‍ നിന്നും ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കകലെ യുഎസ് തീരത്ത് നിന്നുമാണ് രാക്ഷസത്തിരമാലകളെത്തിയതെന്നാണ് നാവികസേനയുടെ അനുമാനം.

അതിശക്തമായ കാറ്റാണ് കാരണമെന്നും നിലവില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും എവിടെയും സുനാമിയുണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വരെ തിരമാല ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

തീരപ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെറുവിലെ 91 തുറമുഖങ്ങൾ ജനുവരി ഒന്ന് വരെ അടച്ചു. അതിശക്തമായി തിരമാല ആഞ്ഞടിച്ചതോടെ ബോട്ട് ജെട്ടികളും നിരവധി ബോട്ടുകളും തീരപ്രദേശങ്ങളിലെ കടകളും തകർന്നു.

തീരപ്രദേശവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് അധികൃതർ മാറ്റി പാർപ്പിച്ചു. ബീച്ചുകളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും വിലക്കേർ‌പ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button