ബാൾട്ടിക് കടലിലെ കേബിൾ തകരാറിന് പിന്നിൽ അട്ടിമറി ? മൂന്നുരാജ്യങ്ങളിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിൽ
ബാള്‍ട്ടിക് കടലിലെ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനുപിന്നില്‍ അട്ടിമറി സംശയിക്കുന്നതായി ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്. ഫിന്‍ലന്‍ഡിനും ജര്‍മ്മനിക്കും ഇടയിലുള്ള 1,170 കിലോമീറ്റര്‍ (730 മൈല്‍) ടെലികമ്മ്യൂണിക്കേഷന്‍ കേബിളാണ് തിങ്കളാഴ്ച പുലര്‍ച്ചെ വിച്ഛേദിക്കപ്പെട്ടത്. സമാനമായി ലിത്വാനിയയ്ക്കും സ്വീഡനിലെ ഗോട്ട്‌ലന്‍ഡ് ദ്വീപിനും ഇടയിലുള്ള 218 കിലോമീറ്റര്‍ ഇന്റര്‍നെറ്റ് ബന്ധം ഞായറാഴ്ച തകരാറിലായിരുന്നു. ഇതിനു പിന്നില്‍ റഷ്യന്‍ അട്ടിമറിയാണെന്നാണ് സ്വീഡനും ലിത്വാനിയയും ആരോപിക്കുന്നത്.
റഷ്യയുമായുള്ള പിരിമുറുക്കം രൂക്ഷമായ സമയത്ത് ‘ഈ കേബിളുകള്‍ അബദ്ധത്തില്‍ മുറിഞ്ഞതാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്ന്’ പിസ്റ്റോറിയസ് പറഞ്ഞു.ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കേബിള്‍ മുറിഞ്ഞതില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണെന്ന് സ്വീഡിഷ്, ലിത്വാനിയന്‍ പ്രതിരോധ മന്ത്രിമാരും പറഞ്ഞു. ‘ഇതുപോലുള്ള സാഹചര്യങ്ങള്‍ നമ്മുടെ അയല്‍പക്കത്ത് റഷ്യ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ ,’ മന്ത്രിമാരായ പാല്‍ ജോണ്‍സണും ലോറിനാസ് കാസ്സിയൂനാസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായി ഉപരോധം ഉപയോഗിക്കണമെന്ന ആഹ്വാനത്തോടെയാണ് ഈ രാജ്യങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്. സിലയണ്‍1 കമ്മ്യൂണിക്കേഷന്‍ കേബിള്‍ വിച്ഛേദിച്ചതില്‍ ജര്‍മ്മനിയും ഫിന്‍ലന്‍ഡും തിങ്കളാഴ്ച കടുത്ത ആശങ്ക പ്രകടിപ്പിച്ചു, റഷ്യയുടെ യുദ്ധം യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് കേബിള്‍ വിശ്ചേദിക്കപ്പെട്ടതെന്ന് ഫിന്നിഷ് ടെലികോം, സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സിനിയ പറഞ്ഞു, സ്വീഡനിലെ ഒലാന്‍ഡ് ദ്വീപിന് സമീപമാണ് കേടുപാടുകള്‍ സംഭവിച്ചതെന്നും നന്നാക്കാന്‍ അഞ്ച് മുതല്‍ 15 ദിവസം വരെ എടുക്കുമെന്നും സിനിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
ലിത്വാനിയയിലേക്കുള്ള ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ Arelion, അതിന്റെ കേബിള്‍ എവിടെയാണ് മുറിച്ചതെന്ന് വെളിവാക്കിയിട്ടില്ല. എന്നാല്‍ അറ്റകുറ്റപ്പണിക്ക് രണ്ടാഴ്ച എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തകരാറുകള്‍ ഉപഭോക്താക്കളെ ബാധിക്കില്ലെങ്കിലും ലിത്വാനിയയുടെ ഇന്റര്‍നെറ്റ് ശേഷിയുടെ അഞ്ചിലൊന്ന് കുറഞ്ഞു. ഫിന്‍ലാന്‍ഡില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള കേബിള്‍ തകരാറിലായെങ്കിലും മറ്റ് കേബിള്‍ റൂട്ടുകള്‍ ലഭ്യമായതിനാല്‍ ഇന്റര്‍നെറ്റ് ട്രാഫിക്കിനെ ബാധിച്ചിട്ടില്ലെന്ന് ഫിന്നിഷ് ഗവണ്‍മെന്റ് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സാമുലി ബെര്‍ഗ്‌സ്‌ട്രോം പറഞ്ഞു.