യൂറോപ്യൻ യൂണിയൻ വാർത്തകൾസ്പോർട്സ്

ട്രംപിന്റെ ഗ്രീൻലൻഡ് തീരുവ ഭീഷണി; 2026 ലോകകപ്പ് ബഹിഷ്‌കരിക്കാൻ ഒരുങ്ങി ജർമനി

ബെർലിൻ : ഗ്രീൻലൻഡിനെ പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പ്രതിഷേധം രൂക്ഷമാവുന്നു. ജൂലൈയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ജർമനി ബഹിഷ്കരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. നാല് തവണ ലോകകപ്പ് ജേതാക്കളായി ജർമനിയ്ക്ക് പിന്നാലെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം അധികാരത്തിനും രാഷ്‌ട്രീയ താൽപര്യങ്ങൾക്കുമായി അമേരിക്ക നിയമങ്ങളിൽനിന്ന്‌ വഴിമാറുകയാണെന്ന്‌ ജർമൻ ചാൻസലർ ഫ്രെഡറിക്‌ മെർസ്‌ പറഞ്ഞു. നിയമാധിഷ്‌ഠിത അന്താരാഷ്‌ട്ര ക്രമത്തെ കാറ്റിൽപ്പറത്തിയാണ്‌ അമേരിക്കയുടെ ഇപ്പോഴത്തെ പ്രവർത്തനം. വഴിവിട്ടുള്ള നീക്കങ്ങൾ പരാജയപ്പെടും. ഇത്തരം വിഷയങ്ങളിൽ യൂറോപ്പിന്‌ തല താഴ്‌ത്തിയിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ നീക്കം പൂർണ്ണമായും തെറ്റാണെന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമർ തുറന്നടിച്ചു. ട്രംപിന്റെ നടപടി അം​ഗീകരിക്കാൻ ആകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണും പറഞ്ഞു. അമേരിക്കയുടെ നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഗ്രീൻലാൻഡിലും ഡെന്മാർക്കിലും ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.

ഫെബ്രുവരി ഒന്നു മുതൽ യുകെ, ഡെൻമാർക്ക്‌, നോർവേ, സ്വീഡൻ, ഫ്രാൻസ്‌, ജർമനി, നെതർലൻഡ്‌സ്, ഫിൻലൻഡ്‌ എന്നീ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ്‌ പറഞ്ഞത്. ജൂൺ ഒന്നു മുതൽ തീരുവ 25 ശതമാനമായി ഉയർത്തുമെന്നും ഗ്രീൻലൻഡ്‌ പൂർണമായും പിടിച്ചെടുക്കുന്നതുവരെ ഇതുതുടരുമെന്നും ഭീഷണിയിലുണ്ട്‌.

എണ്ണ സന്പന്നമായ വെനസ്വേലയുടെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയതിന്‌ പിന്നാലെയാണ്‌ അപൂർവ ലോഹങ്ങളുടെ ശേഖരത്താൽ സന്പന്നമായ ഗ്രീൻലൻഡ്‌ പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button