വോളണ്ടിയർ സൈനിക സേവന ബിൽ പാർലമെന്‍റിൽ പാസാക്കി ജർമ്മനി

ബെർലിൻ : സൈനിക നയങ്ങൾ തിരുത്തിയെഴുതുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ബെൽജിയം, നെതർലൻസ്, ലിത്വേനിയ, ലാറ്റ്വിയ, സ്വീഡൻ, ഫ്രാൻസ് ഇപ്പോൾ ജർമ്മനിയും. വോളണ്ടിയർ സൈനിക സേവന ബിൽ ജർമ്മൻ പാർലമെന്‍റിൽ പാസായി. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം തന്നെയാണ് അടിസ്ഥാന കാരണം. അടിയന്തര ഘട്ടത്തിനായി സൈന്യത്തെ തയ്യാറാക്കി നിർത്തുകയാണ് നല്ലതെന്ന് ജർമ്മൻ സർക്കാർ തീരുമാനം.
ജർമ്മൻ പാർലമെന്‍റിൽ ഈ നിയമം പാസാകുമോ എന്നൊരു സംശയമുണ്ടായിരുന്നു നിരീക്ഷകർക്ക്. ചാൻസലർ മെർസിന്‍റെ പാർട്ടിയിലെ തന്നെ യുവാക്കൾ ബില്ലിനെ എതിർത്തിരുന്നു. സാമ്പത്തിക ബാധ്യത, യുവതലമുറയുടെ മേൽ വരുന്ന ഭാരം ഇതൊക്കെയാണ് അവരുന്നയിച്ചിരുന്ന പ്രശ്നങ്ങൾ. പക്ഷേ, വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം അറിയിച്ചതോടെ ആശങ്കക്ക് പരിഹാരമായി. പാർലമെന്‍റിൽ ബിൽ പാസായെങ്കിലും രാജ്യത്ത് എതിർപ്പ് കനക്കുകയാണ്. മരിക്കാനില്ലെന്നാണ് യുവാക്കളുടെ പക്ഷം. ആക്രമണം വെറും ഊഹക്കഥ മാത്രമെന്ന് അവർ തള്ളുന്നു. അതെല്ലാം മറികടക്കാൻ തന്നെയാണ് ജർമ്മൻ സർക്കാരിന്‍റെ തീരുമാനം. അടുത്ത വർഷത്തോടെ അത് നടപ്പാക്കിത്തുടങ്ങും. 2,600 യൂറോയാണ് അനുവദിച്ചിരിക്കുന്ന അലവൻസ്. പക്ഷേ, യുവതലമുറ അതംഗീകരിക്കാൻ തയ്യാറായിട്ടില്ല. സമരത്തിനാണ് അവരുടെ തീരുമാനം.
സർക്കാർ നൽകുന്ന ചോദ്യാവലി 18 വയസ് തികഞ്ഞ സ്ത്രീയും പുരുഷനും പൂരിപ്പിക്കണം. പുരുഷൻമാർക്ക് നിർബന്ധം. സ്ത്രീകൾക്ക് നിർബന്ധമല്ല. ജനുവരിയോടെ ചോദ്യാവലി അയക്കും. ജർമ്മൻ പാർലമെന്‍റിൽ ബിൽ പാസായത് 272 -നെതിരെ 323 വോട്ടുകൾക്കാണ്. ഇപ്പോഴത് വോളണ്ടറിയാണെങ്കിലും 2027 ജൂലൈ മുതൽ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾക്ക് പുരുഷൻമാർ വിധേയരാകണം. അത് നിർബന്ധം. 2029 ഓടെ സൈന്യം തയ്യാറാകണമെന്നാണ് സർക്കാർതലത്തിലെ ധാരണ.
ശീതയുദ്ധകാലത്ത് 5 ലക്ഷമായിരുന്നു ജർമ്മൻ സൈനികരുടെ എണ്ണം. പക്ഷേ, അതൊക്കെ അവസാനിച്ചതോടെ മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളേയും പോലെ സൈനികരുടെ എണ്ണവും പ്രതിരോധച്ചെലവും ജർമ്മനിയും വെട്ടിക്കുറച്ചു. ജർമ്മൻ സൈന്യത്തിൽ ഇപ്പോഴുള്ളത് 1,82,000 സൈനികരാണ്. റിസർവ് സൈനികർ 2 ലക്ഷം. സർവീസിലുള്ളവരുടെ എണ്ണവും അടുത്ത വർഷത്തോടെ രണ്ട് ലക്ഷമാക്കണം. 2030 ഓടെ 2,60,000 -മായി വർദ്ധിപ്പിക്കണം. പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസിന്‍റെ നിർദ്ദേശമാണത്. വോളണ്ടറി എന്നിപ്പോൾ പറയുന്നെങ്കിലും, സുരക്ഷാ സ്ഥിതി വഷളാവുകയോ സൈനികസേവനത്തിന് ആരും തയ്യാറാവാതിരിക്കുകയോ ചെയ്താൽ വോളണ്ടറി മാറി, സംഗതി നിർബന്ധിതമാകും. നിർബന്ധിത സൈനിക സേവനം അവസാനിച്ചത് 2011 -ലാണ്. ആംഗലാ മെർക്കലിന്‍റെ കാലത്ത്.



