യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇന്ത്യക്കാരെ വമ്പൻ തൊഴിലവസരങ്ങളുമായി മാടിവിളിച്ച് ജർമനി

ബെർലിൻ : അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനി. അമേരിക്കയ്ക്ക് പകരം സുസ്ഥിരമായ ഒരു ബദലായി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയെ തിരഞ്ഞെടുക്കാൻ ഇന്ത്യൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ ക്ഷണിച്ചു.’എല്ലാ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കും ഇതാ എന്‍റെ ക്ഷണം’ എന്ന് അക്കർമാൻ എക്സിൽ കുറിച്ചു. “സുസ്ഥിരമായ കുടിയേറ്റ നയങ്ങളും, ഐടി, മാനേജ്‌മെന്‍റ്, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ മികച്ച തൊഴിലവസരങ്ങളും ജർമ്മനിയെ വേറിട്ട് നിർത്തുന്നു” – അക്കര്‍മാൻ കൂട്ടിച്ചേർത്തു. ജർമ്മനിയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ലഭിക്കുന്ന ഉയർന്ന ശമ്പളത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ജർമ്മൻ പൗരന്മാരേക്കാൾ കൂടുതൽ ശരാശരി വരുമാനം നേടുന്നത് ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ്,” അദ്ദേഹം പറഞ്ഞു. ഇത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ശമ്പളം ലഭിക്കുന്ന ഇന്ത്യക്കാർ ജർമ്മൻ സമൂഹത്തിനും ക്ഷേമത്തിനും വലിയ സംഭാവനകൾ നൽകുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. കഠിനാധ്വാനത്തിലും മികച്ച ആളുകൾക്ക് മികച്ച ജോലികൾ നൽകുന്നതിലും വിശ്വസിക്കുന്നുവെന്നും അക്കർമാൻ വ്യക്തമാക്കി.

അമേരിക്കയുടെ ഏറ്റവും പുതിയ നയത്തിന് നേർ വിപരീതമാണ് ജർമ്മനിയുടെ ഈ നിലപാട്. കഴിഞ്ഞ ആഴ്ച, ട്രംപ് ഭരണകൂടം എച്ച്-1ബി വിസാ ഫീസ് 215 മുതൽ 5,000 ഡോളര്‍ വരെയായിരുന്നത് 100,000 ഡോളറായി ഉയർത്തിയിരുന്നു. ഈ തീരുമാനം ഇന്ത്യൻ ടെക് കമ്പനികൾക്കും ഐടി പ്രൊഫഷണലുകൾക്കും വലിയ തിരിച്ചടിയായിരുന്നു.

ഇതിന് വിരുദ്ധമായുള്ള ജർമ്മനിയുടെ സമീപനം ഒരു ജർമ്മൻ കാർ പോലെ വിശ്വസനീയവും ആധുനികവും പ്രവചനാതീതവുമാണെന്ന് അക്കർമാൻ പറഞ്ഞു. ജർമ്മനിയിലെ ജനസംഖ്യയിലുണ്ടായ കുറവ് നികത്താൻ 2040 വരെ പ്രതിവർഷം 2,88,000 കുടിയേറ്റക്കാർ ആവശ്യമുണ്ടെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. ഈ ആവശ്യം നിറവേറ്റുന്നതിനായി, 2024-ൽ കൂടുതൽ പ്രൊഫഷണൽ വിസകൾ അനുവദിക്കാനും ഇന്ത്യൻ തൊഴിലാളികൾക്കുള്ള വിസ വിഹിതം വർദ്ധിപ്പിക്കാനും ബെർലിൻ പദ്ധതിയിട്ടിട്ടുണ്ട്.
ഇന്ത്യക്കാർക്ക് കൂടുതല്‍ വിസകൾ

കഴിഞ്ഞ വർഷം, ജർമ്മൻ സർക്കാർ 2025-ൽ 2,00,000 പ്രൊഫഷണൽ വിസകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 90,000 വിസകൾ ഇന്ത്യക്കാർക്കായി നീക്കിവെച്ചുകൊണ്ട് മുൻ വർഷത്തെ 20,000 എന്ന പരിധിയിൽ നിന്ന് വലിയ വർദ്ധനവാണ് വരുത്തിയത്. നിലവിൽ ഏകദേശം 1,30,000 ഇന്ത്യൻ പ്രൊഫഷണലുകളാണ് ജർമ്മനിയിൽ ജോലി ചെയ്യുന്നത്. അവരുടെ ശമ്പളം ജർമ്മനിയുടെ ശരാശരി വരുമാനത്തേക്കാൾ വളരെ കൂടുതലാണ്. സർക്കാർ കണക്കുകൾ പ്രകാരം, 2023 അവസാനത്തോടെ ജർമ്മൻ ജീവനക്കാരുടെ ശരാശരി പ്രതിമാസ വരുമാനം 3,945 യൂറോയായിരുന്നപ്പോൾ, ഇന്ത്യൻ വംശജരായ പ്രൊഫഷണലുകൾക്ക് ശരാശരി 5,359 യൂറോയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button