യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുഎസ് പ്രഖ്യാപിച്ച റഷ്യൻ ഉപരോധത്തിൽ വലഞ്ഞ് ജർമനി

ബെർലിൻ : യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാത്ത റഷ്യയെ സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യമിട്ട് യു.എസ് പ്രഖ്യാപിച്ച ഉപരോധത്തിൽ വലഞ്ഞ് ജർമനി. റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ കമ്പനികൾക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധമാണ് തിരിച്ചടിയായത്. ഉപരോധം നിലവിൽ വരാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജർമനി.

രാജ്യത്ത് ഏറ്റവും കൂടുതൽ എണ്ണ സംസ്കരിക്കുന്ന റോസ്നെഫ്റ്റിന്റെ അനുബന്ധ സ്ഥാപനമായ പി.സികെ റിഫൈനറി പൂട്ടേണ്ടി വരുമോയെന്നാണ് ജർമനിയുടെ ആശങ്ക. റോസ്നെഫ്റ്റിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഉൾപ്പെടെ ഒരു ഇടപാടും നടത്തരുതെന്നാണ് യു.എസ് ഉപരോധത്തിൽ പറയുന്നത്. ഉപരോധം നിലവിൽ വന്നാൽ പി.സി.കെ റിഫൈനറി​യുടെ പ്രവർത്തനത്തെ ബാധിക്കും.

വർഷം 12 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഈ കമ്പനി സംസ്കരിക്കുന്നത്. അതായത് രാജ്യത്തെ മൊത്തം എണ്ണ സംസ്കരണത്തിൽ 12 ശതമാനത്തിലേറെയും ചെയ്യുന്നത് പി.സി.കെ റിഫൈനറിയാണ്. 4000 കിലോമീറ്റർ ദീർഘമുള്ള പൈപ്പ് ലൈനിലൂടെയാണ് റഷ്യയിൽനിന്ന് കമ്പനി ക്രൂഡ് ഓയിൽ ജർമനിയിലെത്തിക്കുന്നത്.

നിലവിൽ ആഭ്യന്തര വിപണിയിൽ എണ്ണ വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഉപരോധം ജർമനിക്ക് കടുത്ത വെല്ലുവിളിയാകും. ചെറിയ തുകക്ക് റഷ്യൻ എണ്ണ ലഭ്യമായതോടെ നിരവധി ആണവോർജ പ്ലാന്റുകൾ മുൻ ചാൻസലർ ഏഞ്ചല മെർക്കൽ പൂട്ടിയതിനാൽ രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അതേസമയം, യു.എസിനൊപ്പം ഉപരോധം പ്രഖ്യാപിച്ച യു.കെ ഇളവ് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.

റോസ്നെഫ്റ്റിന് ജർമനിയിൽ മൂന്ന് റിഫൈനറികളുണ്ടെങ്കിലും റഷ്യൻ മാതൃകമ്പനിയുമായി ബന്ധമില്ലെന്നും സർക്കാർ നിയന്ത്രണത്തിലാണെന്നുമാണ് ചാൻസലറായ ​ഫ്രീഡ്റിച്ച് മെർസിന്റെ വാദം. യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് റോസ്നെഫ്റ്റിന്റെ റിഫൈനറികൾ ജർമനിയുടെ ഊർജ മേഖല നിയന്ത്രിക്കുന്ന ബി.എൻ.എ ഏറ്റെടുത്തത്. ​ട്രെസ്റ്റിഷിപ്പ് സ്വന്തമാക്കിയെങ്കിലും കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്താൻ രാജ്യത്തിന് കഴിയുന്നില്ല. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി താൽപര്യം പ്രകടിപ്പിച്ചിട്ടും പി.​സി.കെയുടെ ഓഹരി വിൽക്കാൻ റോസ്നെഫ്റ്റും തയാറായിട്ടില്ല. തലസ്ഥാനമായ ബെർലിനിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയാണ് പി.സി.കെയുടെ ഷ്വെഡ് റിഫൈനറി

അതേസമയം, ബ്രാൻഡൻബർഗിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിലവസരം നൽകുന്ന കമ്പനിയാണ് പി.സി.കെ. കമ്പനി പൂട്ടുന്നത് ബ്രാൻഡൻബർഗിൽ സ്വാധീനം വർധിച്ചുവരുന്ന എതിരാളികളായ തീവ്രവലത് പക്ഷ ആൾട്ട​ർനെറ്റിവ് ഫോർ ജർമനി പാർട്ടി രാഷ്ട്രീയ ആയുധമാക്കുമെന്നതും മെർസി​ന് തലവേദനയായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button