കേരളം

കൊച്ചി വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ; ജർമ്മൻ സർക്കാർ കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകും

കൊച്ചി : കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകാനൊരുങ്ങി ജർമ്മൻ സർക്കാർ. കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തുഷ്ടരായാണ് ജർമ്മൻ സർക്കാർ ഇക്കാര്യം അറിയിച്ചത്. കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക് വഴി കൂടുതൽ ബോട്ടുകൾക്ക് വായ്പ നൽകുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. കെ‌എം‌ആർ‌എല്ലിനെ [കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്] പിന്തുണയ്ക്കുന്ന ജി‌ഐ‌ഇസ്ഡുമായി ഞങ്ങൾ സാങ്കേതിക സഹകരണം തുടരും.”- ന്യൂഡൽഹിയിലെ ജർമ്മൻ എംബസിയിലെ ഡെവല്പ്മെന്റ് കോർപറേഷൻ ഡെപ്യൂട്ടി മേധാവി കാരൻ ബ്ലൂം പറഞ്ഞു.

“ഗതാഗതം സുഖകരവും ആകർഷകവും, അതുപോലെ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നതും താങ്ങാനാവുന്നതും ആയിരിക്കണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം. മറ്റ് നഗരങ്ങളെക്കൂടി പ്രചോദിപ്പിക്കുന്ന ഒരു മാതൃകയായിരുക്കും ഇതെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളമുള്ള 24 സ്ഥലങ്ങളിൽ കൂടി സമാനമായ ഒരു സംവിധാനം ഒരുക്കാനുള്ള നീക്കം ഇന്ത്യാ ​ഗവൺമെന്റ് ഇതിനോടകം പരിശോധിച്ചുവരികയാണെന്നും” കാരൻ കൂട്ടിച്ചേർത്തു.

“17 സ്ഥലങ്ങളിൽ കൂടി വാട്ടർ മെട്രോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സഹകരിക്കാൻ ജർമ്മൻ സർക്കാരിന് താൽപ്പര്യമുണ്ടെന്ന് കെഡബ്ല്യുഎംഎല്ലിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗളൂരു, ഗാന്ധിനഗർ, ആലപ്പുഴ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

മറ്റ് നഗരങ്ങളിലും പദ്ധതിക്ക് ധനസഹായം നൽകാൻ അവർ തയ്യാറാണ്. തുടക്കത്തിൽ ആകെ 17 സ്ഥലങ്ങളാണ് നിർദ്ദേശിച്ചിരുന്നത്. ഇപ്പോൾ, ഏഴ് നഗരങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും” കെഡബ്ല്യുഎംഎൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു.

ജർമ്മൻ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കായ കെഎഫ്ഡബ്ല്യു, ജർമ്മൻ സാമ്പത്തിക സഹകരണ വികസന മന്ത്രാലയം (ബിഎംഇസഡ്) എന്നിവർ ചേർന്ന് കൊച്ചി വാട്ടർ മെട്രോ സംവിധാനം നടപ്പിലാക്കുന്നതിനായി 110 മില്യൺ യൂറോ ആണ് വായ്പ അനുവദിച്ചത്. കെഎംആർഎല്ലുമായുള്ള സഹകരണം, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഗ്രീൻ ആന്‍ഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റിന്റെ (ജിഎസ്ഡിപി) ഭാഗമാണ്. ഗതാഗത സംവിധാനം കൂടുതൽ പരിസ്ഥിതി സൗഹൃദപരവും, വൈകല്യമുള്ളവർക്ക് പ്രവേശിക്കാവുന്നതും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം എന്നും കാരൻ കൂട്ടിച്ചേർത്തു.

കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അതിൽ ജർമ്മൻ ടീം സന്തുഷ്ടരാണെന്നും പ്രതിനിധി പറഞ്ഞു. നഗരങ്ങളിലേക്കുള്ള ദ്വീപ് നിവാസികളുടെ ഈ പുതിയ യാത്ര കാണുമ്പോൾ സന്തോഷമുണ്ട്. ഇത് ഒരേസമയം ആധുനികവും സുസ്ഥിരവുമാണ്. വാട്ടർ മെട്രോ ഒരു പുതിയ ആശയമാണെങ്കിലും, കൊച്ചി നിവാസികളിൽ അതിന്റെ സ്വാധീനം ഇതിനോടകം തന്നെ ദൃശ്യമാണ്. കൂടുതൽ ഉപയോക്താക്കൾ വരുന്നതോടെ തൊഴിൽ, യാത്രാ സമയം കുറയ്ക്കൽ തുടങ്ങിയവയിലൊക്കെ കൂടുതൽ നേട്ടങ്ങൾ ദൃശ്യമാകും, ”കാരൻ ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ നിലവിലെ പൊതുഗതാഗത സംവിധാനവുമായി കൊച്ചി വാട്ടർ മെട്രോ കൂടുതൽ സംയോജിപ്പിക്കാനും, മലിനീകരണം കുറവുള്ള ബസുകൾ അല്ലെങ്കിൽ മെട്രോകൾ പോലുള്ള കാലാവസ്ഥാ സൗഹൃദ ഗതാഗത മാർഗ്ഗങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കാനും ശ്രമിക്കുമെന്നും ”ജർമ്മൻ പ്രതിനിധി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button