ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം
ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്

ലണ്ടൻ : രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. മിഖായേൽ ഹോഫ്മാനാണ് കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഇരുവർക്കും 50,000 പൗണ്ട് (53 ലക്ഷം) സമ്മാനമായി ലഭിക്കും.
രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാൻ. കിഴക്കൻ ജർമനിയുടെ അവസാനകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് ‘കെയ്റോസ്’. ബർലിൻ മതിൽ തകർക്കപ്പെടുന്ന സമയത്തെ ജർമനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിലുള്ളത്.
നോട്ട് എ റിവര്‍, മാറ്റര്‍ 2-10, ക്രൂക്കെഡ് പ്ലോ, ദ ഡീറ്റെയ്ല്‍സ്, വാട്ട് ഐ വുഡ് റാതര്‍ നോട്ട് തിങ്ക് എബൗട്ട് എന്നിവയാണ് ചുരുക്കപ്പട്ടികയിലെത്തിയ മറ്റ് കൃതികള്‍. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച കൃതികൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്. ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവ് എഴുതിയ ടൈം ഷെൾട്ടർ എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചത്.