Uncategorizedഅന്തർദേശീയം

ജെൻ സി പ്രക്ഷോഭം : നേപ്പാളിൽ മലയാളി നാൽപതോളം വിനോദ സഞ്ചാരികൾ കുടുങ്ങി

കഠ്മണ്ഡു : സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെ നേപ്പാളിൽ യുവജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിനിടെ കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ കഠ്മണ്ഡുവിൽ കുടുങ്ങി. കോഴിക്കോട് സ്വദേശികളടക്കമുള്ള മലയാളികളാണ് ഇവിടെ കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ നാൽപതോളം വിനോദ സഞ്ചാരികളും ഇതിൽ ഉൾപ്പെടുന്നു. കഠ്മണ്ഡു‍വിനു സമീപമാണ് ഇവര്‍ ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് സഹായമെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് നോർക്ക അധികൃതർ അറിയിച്ചു. നേപ്പാളിലെ ലോകകേരള സഭ പ്രതിനിധികളുടെയും മറ്റും സഹായത്തോടെയാണ് ഇതിനുള്ള ശ്രമം നടത്തുന്നത്.

ഞായറാഴ്ചയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുളള മലയാളി സംഘം നേപ്പാളിലേക്ക് പോയത്. യുവജനരോഷം കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രി വൈകി നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും ഇപ്പോഴും നേപ്പാളിൽ സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. റോഡിൽ ടയര്‍ കത്തിച്ച് ഇട്ടും മറ്റുമുളള പ്രക്ഷോഭം തുടരുന്നതിനാൽ ഇവര്‍ക്ക് പലയിടത്തും യാത്രാതടസ്സം നേരിടുന്നുണ്ട്. നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിനു സമീപമാണ് കേരളത്തിൽ നിന്നുളള സഞ്ചാരികൾ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവർക്ക് തൽക്കാലത്തേക്ക് തങ്ങാൻ ഒരു താമസസ്ഥലം ലഭിച്ചതായാണ് ഇവരിൽ ചിലർ പങ്കിട്ട വിഡിയോകളിൽ നിന്ന് ലഭിക്കുന്ന വിവരം.

സഹായം തേടി സമീപത്തെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവിടെ ബോർഡുകളും മറ്റും തകർത്ത നിലയിലായിരുന്നുവെന്നും സ‍ഞ്ചാരികളിൽ ചിലർ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ ചിലത് തീയിട്ട അവസ്ഥയിലാണ്. തലസ്ഥാനത്ത് ചിലയിടങ്ങളിൽ വെടിയൊച്ചകളും കേൾക്കുന്നതായി ഇവർ പങ്കുവച്ച വിഡിയോയിൽ സൂചിപ്പിക്കുന്നു.

വാട്സാപ്, ഫെയ്സ്‌ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് എന്നിവയുൾപ്പെടെയുളള 26 സമൂഹമാധ്യമ സൈറ്റുകൾ വ്യാഴാഴ്ച നിരോധിച്ചതോടെയാണ് നേപ്പാളിൽ യുവജനങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്. വിദ്യാർഥികളടക്കം ആയിരക്കണക്കിനുപേർ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ 12 വയസ്സുകാരൻ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടിരുന്നു.

നേപ്പാൾ പാർലമെന്റിനും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികൾക്കും പ്രതിഷേധക്കാർ ചൊവ്വാഴ്ച തീയിട്ടതോടെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് കാവലൊരുക്കാൻ സൈന്യത്തെ നിയോഗിച്ചിരിക്കുകയാണ്. സംഘർഷം അക്രമാസക്തമായി തുടരുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി സമർപ്പിച്ച രാജി ചൊവ്വാഴ്ച പ്രസിഡന്റ് സ്വീകരിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചു മണിവരെ തിങ്കളാഴ്ച പ്രഖ്യാപിച്ച കർഫ്യൂ അനിശ്ചിത സമയത്തേക്ക് ദീർഘിപ്പിച്ചതായി ചൊവ്വാഴ്ച രാവിലെ 8.30 ന് കഠ്മണ്ഡു ജില്ലാ ഭരണകൂടവും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button