അന്തർദേശീയം

മെക്‌സിക്കോയിലും തെരുവിലിറങ്ങി ജെന്‍ സി

മെക്‌സികോ സിറ്റി : മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോട് കൂടിയാണ് പ്രതിഷേധം. മയക്കുമരുന്ന് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ക്കും, സുരക്ഷാ നയങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധം. അക്രമങ്ങളും അഴിമതിയും പോലുള്ള രാജ്യത്തെ വ്യവസ്ഥാപിത പ്രശ്‌നങ്ങളില്‍ തങ്ങള്‍ നിരാശരാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മിക്കോകാന്‍ മേയര്‍ കാര്‍ലോസ് മാന്‍സോയുടെ കൊലപാതകം അന്വേഷിക്കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമിനെതിരെ നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളാണ് ഇതിന് പിന്നിലെന്ന് ഷെയിന്‍ബോം വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയില്‍ പ്രതിഷേധത്തിന് ശ്രദ്ധ കിട്ടാന്‍ വേണ്ടി തന്റെ രാഷ്ട്രീയ ശത്രുക്കള്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് മെക്‌സിക്കോയില്‍ ജെന്‍ സി പ്രക്ഷോഭം തുടങ്ങിയത്. ജെന്‍ സിയോടൊപ്പം മറ്റ് പല പ്രായത്തിലുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

സോഷ്യല്‍ മീഡിയയില്‍ ജെന്‍ സി മുഖേന ആസൂത്രണം ചെയ്ത പ്രതിഷേധത്തില്‍ വിവിധ പ്രായത്തിലുള്ളവരും പങ്കെടുക്കുകയായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ഒക്ടോബറില്‍ അധികാരത്തിലെത്തിയ ഷെയിന്‍ബോമിന് ഭരണകാര്യങ്ങള്‍ മികച്ച അഭിപ്രായം ലഭിച്ചപ്പോഴും മേയര്‍ അടക്കമുള്ള ഉന്നതരുടെ കൊലപാതകത്തിന് പിന്നാലെ സുരക്ഷാ നയങ്ങളില്‍ വിമര്‍ശനം വന്നിരുന്നു. ഈ മാസം ഒന്നിനാണ് മാന്‍സോ കൊല്ലപ്പെടുന്നത്. തന്റെ നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച മാന്‍സോയുടെ കൊലപാതകം വലിയ പ്രതിഷേധത്തിലേക്ക് വഴിവെച്ചിരുന്നു.

‘നമ്മളെല്ലാം കാര്‍ലോസ് മാന്‍സോ ആണ്’, എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ആഗോള തലത്തില്‍ ജെന്‍ സി പ്രക്ഷോഭങ്ങള്‍ക്കുപയോഗിക്കുന്ന കടല്‍ക്കൊള്ളക്കാരുടെ പതാകയും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. ഷെയിന്‍ബോമിന്റെ ഓഫീസും താമസ സ്ഥലവും സ്ഥിതി ചെയ്യുന്ന മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ പാലസിന് മുന്നിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകങ്ങള്‍ പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറുകള്‍ നടത്തി. സംഘര്‍ഷത്തില്‍ 120ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button