കേരളം
തൃശൂരിൽ വൻ കവർച്ച; ചായക്കടയിലിരിക്കുകയായിരുന്ന ആളിൽ നിന്നും അഞ്ചംഗ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശൂർ : തൃശൂർ മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനിൽ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളിൽ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശിയായ മുബാറക്കിന്‍റെ പണമടങ്ങിയ ബാഗാണ് കവർന്നത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.
ബംഗളൂരുവിൽ നിന്നും സ്വകാര്യബസിൽ മണ്ണൂത്തിയിലെത്തിയ മുബാറക്ക് സമീപത്തെ ചായക്കടയിൽ കയറിയപ്പോഴായിരുന്നു സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം പിടിവലി നടത്തുകയും ബാഗുമായി കടന്നു കളയുകയുമായിരുന്നെന്ന് മുബാറക്ക് പറയുന്നു. കാർ വിറ്റ പണമാണ് ബാഗിലുണ്ടായിരുന്നതെന്ന് മുബാറക്ക് പരാതിയിൽ പറയുന്നു.
മോഷണത്തിനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാറിന്‍റെ മുൻ വശത്തേയും പിൻവശത്തേയും നമ്പറുകൾ വ്യത്യസ്ഥമായിരുന്നെന്നും പരായിലുണ്ട്. സംഭവത്തിൽ ഒല്ലൂർ എസ്പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



