കേരളം
വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

തിരുവനന്തപുരം : ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത.
സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരെണ്ണത്തിന്റെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക.
ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.