കേരളം

യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍

കൊല്ലം : യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറിലേറെ പേരില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.

ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്.

2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പണം തട്ടിച്ചെന്ന്കാട്ടി നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ കല്ലമ്പലത്തുനിന്ന് അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എട്ടര ലക്ഷം തട്ടിച്ചെന്നാണ് പരാതി. കൊല്ലം താലൂക്ക് ഓഫിസിന് സമീപം ബാലുവും അശ്വതിയും ചേര്‍ന്ന് നടത്തിയിരുന്ന ഫോര്‍സൈറ്റ് ഓവര്‍സീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തില്‍ നിന്ന് യുകെയിലെത്തിയ 25 പേര്‍ ജോലിക്ക് കയറിയ കമ്പനിയില്‍ നിന്ന് രാജിവെച്ചതോടെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ അധികൃതര്‍ റദ്ദാക്കുകയായിരുന്നു. ഇത് മറച്ചുവെച്ചാണ് പണംവാങ്ങല്‍ തുടര്‍ന്നത്. പ്രതികള്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

കേസെടുത്തകാലം മുതല്‍ ഒളിവിലായിരുന്ന പ്രതികള്‍ കല്ലമ്പലത്ത് വാടകക്ക് താമസിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് സെഷന്‍സ് കോടതിയെയും ഹൈകോടതിയെയും പ്രതികള്‍ സമീപിക്കുകയും ഹൈകോടതി ഹര്‍ജി തള്ളുകയും ചെയ്തു. തുടര്‍ന്നാണ് ഉന്നതതല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപകമാക്കിയത്. ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് കല്ലമ്പലത്ത് താമസത്തിനെത്തിയ പ്രതികളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂന്നാം പ്രതിയായ അനിത കുമാരിയുടെ അക്കൗണ്ടിലേക്കാണ് ക്ലീറ്റസ് മൂന്ന് ലക്ഷം കൈമാറിയത്. ക്ലീറ്റസിന്റെ ബന്ധു ജാന്‍സി ജസ്റ്റസും മറ്റൊരു ബന്ധുവും മൂന്ന് ലക്ഷം വീതം നല്‍കിയെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രതികള്‍ മുന്നൂറോളം പേരെ തട്ടിച്ചതായാണ് സംശയമുയരുന്നത്. ഉദ്യോഗാര്‍ഥികള്‍ ശല്യം ചെയ്യുന്നെന്ന് കാണിച്ച് സംരക്ഷണം ആവശ്യപ്പെട്ട് വേണു വിജയന്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തങ്ങളുടേതുള്‍പ്പെടെ 355 പേരുടെ പേരുണ്ടായിരുന്നതായി ക്ലീറ്റസും ജാന്‍സി ജസ്റ്റസും പറയുന്നു. പ്രതികള്‍ പിടിയിലായെന്ന് അറിഞ്ഞ് കൂടുതല്‍ പരാതിക്കാര്‍ വെള്ളിയാഴ്ച സ്‌റ്റേഷനിലെത്തി. അതേസമയം പ്രതികള്‍ ക്രൊയേഷ്യയിലേക്ക് എന്ന പേരില്‍ മനുഷ്യ കടത്ത് നടത്തിയതായും പരാതിയുണ്ട്. മറ്റ് പരാതികള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button