വികസനക്കുതിപ്പിന് വഴിതെളിച്ച് കമ്യുണിസ്റ്റ് പാർടിയുടെ ഇരുപതാം കേന്ദ്രകമ്മിറ്റിയുടെ നാലാം പ്ലീനം പൂർത്തിയായി

ബീജിങ് : പുതുകാലത്തിന്റെ വെല്ലുവിളികളേറ്റെടുത്ത് മുന്നേറാൻ ചൈനയെ പ്രാപ്തമാക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി ചൈനീസ് കമ്യുണിസ്റ്റ് പാർടിയുടെ ഇരുപതാം കേന്ദ്രകമ്മിറ്റിയുടെ നാലാം പ്ലീനം പൂർത്തിയായി. ചൈനയുടെ സമഗ്രവികസനത്തിന് വഴികാട്ടുന്ന 15–ാം പഞ്ചവത്സരപദ്ധതി നാലു ദിവസത്തെ പ്ലീനം ചർച്ചചെയ്ത് അംഗീകരിച്ചു.
യോഗത്തില്‍ പാർടി പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ പ്രസീഡിയമായി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച ജനറൽ സെക്രട്ടറി ഷി ജിൻപിങ് കരട് ശുപാർശകൾ വിശദീകരിച്ചു. 14-ാം പഞ്ചവത്സര പദ്ധതി കാലയളവിലെ വികസനനേട്ടങ്ങൾ യോഗം വിലയിരുത്തി. 2035 ഓടെ സോഷ്യലിസ്റ്റ് ആധുനികവൽക്കരണം സാധ്യമാക്കാനുള്ള അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനം ഏറ്റെടുക്കുന്ന ഘട്ടത്തിൽ 15-ാം പഞ്ചവത്സര പദ്ധതി കാലയളവ് (2026-–2030) നിർണായകമാണ്.
പാർടിയുടെ നേതൃത്വം ഉയർത്തിപ്പിടിക്കുക, ജനങ്ങളെ ഒന്നാമതെത്തിക്കുക, ഉന്നത നിലവാരമുള്ള വികസനം പിന്തുടരുക, സമഗ്ര പരിഷ്കരണം സാധ്യമാക്കുക, കാര്യക്ഷമമായ വിപണിയും സർക്കാരും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുക, വികസനവും സുരക്ഷയും ഉറപ്പാക്കുക തുടങ്ങിയ മാർഗനിർദേശ തത്വങ്ങൾ 15-ാം പഞ്ചവത്സര പദ്ധതി കാലയളവിലേക്ക് അംഗീകരിച്ചു. ഉന്നത നിലവാരമുള്ള വികസനത്തിൽ ഗണ്യമായ പുരോഗതി, ശാസ്ത്ര-സാങ്കേതിക സ്വാശ്രയത്വം, സമഗ്ര പരിഷ്കരണത്തിലൂടെ പുതിയ മുന്നേറ്റങ്ങൾ, സമൂഹത്തിന്റെ സാംസ്കാരിക പുരോഗതി, ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തൽ, മനോഹര ചൈന സംരംഭം മുന്നോട്ടുകൊണ്ടുപോകൽ, ദേശീയ സുരക്ഷാകവചം ശക്തിപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളും നിശ്ചയിച്ചു.
ഉയർന്ന നിലവാരമുള്ള സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിന് വേഗത്തിൽ നീങ്ങാനും വികസനത്തിന് ആക്കം കൂട്ടാനും പ്ലീനം ആഹ്വാനംചെയ്തു. ശാസ്ത്ര–സാങ്കേതികവിദ്യയിൽ കൂടുതൽ സ്വാശ്രയത്വവും ശക്തിയും കൈവരിക്കും. ശക്തമായ ആഭ്യന്തരവിപണി കെട്ടിപ്പടുക്കുകയും പുതിയ വികസന മാതൃക വളർത്തിയെടുക്കുകയും വേണം. സമഗ്രമായ ഗ്രാമീണ പുനരുജ്ജീവനം തുടരും. പ്രാദേശിക സാമ്പത്തിക രൂപരേഖ പരിഷ്കരിക്കുകയും ഏകോപിത വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് കമ്യൂണിക്കെ പറയുന്നു. ജനകീയ വിമോചനസേനയുടെ ശതാബ്ദി ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കുന്നതിനും സായുധസേനയെ ആധുനികവൽക്കരിക്കുന്നതിനും പ്ലീനം തീരുമാനിച്ചു.
സിപിസി സെൻട്രൽ മിലിട്ടറി കമീഷന്റെ (സിഎംസി) വൈസ് ചെയർമാനായി ഴാങ് ഷെങ്മിനെ നിയോഗിക്കാൻ പ്ലീനം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയിലെ ഒഴിവുള്ള സീറ്റുകൾ പാർടി ഭരണഘടന അനുസരിച്ച് നികത്തി. പാർടി അച്ചടക്കത്തിന്റെയും രാജ്യനിയമങ്ങളുടെയും ഗുരുതരമായ ലംഘനങ്ങളെക്കുറിച്ചുള്ള സിപിസി അച്ചടക്കപരിശോധനാകമീഷന്റെ റിപ്പോർട്ട് സെഷൻ ചർച്ച ചെയ്ത് അംഗീകരിച്ചു. അഴിമതിയും ക്രമക്കേടും നടത്തിയ പാർടി നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കുമെതിരെ സ്വീകരിച്ച അച്ചടക്കനടപടിക്ക് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി.
“രാജ്യത്തെ നന്നായി നയിക്കുന്നതിന് ആദ്യം പാർടിയെ നന്നായി നടത്തണം; അഭിവൃദ്ധിപ്പെടുന്ന പാർടിക്കുമാത്രമേ നമ്മുടെ രാജ്യത്തെ ശക്തമാക്കാൻ കഴിയൂ’ –സിപിസി പ്ലീനത്തിനുശേഷം പുറത്തിറക്കിയ കമ്യൂണിക്കെ പറയുന്നു. രാജ്യമാകെ സോഷ്യലിസ്റ്റ് സംസ്കാരം കൂടുതൽ ശക്തമായി വളർത്തിയെടുക്കണം. പൊതുജനക്ഷേമം മെച്ചപ്പെടുത്താനും എല്ലാവർക്കും അഭിവൃദ്ധി ഉറപ്പാക്കാനും കൂടുതൽ കഠിനാധ്വാനം ചെയ്യണം. 15-–ാം പഞ്ചവത്സര പദ്ധതി നിറവേറ്റുന്നതിനായി പാർടിയും ജനങ്ങളും യോജിച്ച് പരിശ്രമിക്കണം. പുതുയുഗത്തിനായി ചൈനീസ് സ്വഭാവസവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ജിൻപിങ് ചിന്തയെക്കുറിച്ച് പാർടിയിലെ എല്ലാവരും ആഴത്തിലുള്ള ധാരണ നേടണമെന്ന് പ്ലീനം ആഹ്വാനംചെയ്തു.



