അനധികൃത കുടിയേറ്റം : യുഎസിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി

ഡൽഹി : യു എസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി. പനാമയിൽ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. പനാമയിൽ നിന്ന് തിരിച്ചയയ്ക്കുന്ന ആദ്യ സംഘമാണിത്.
ഇസ്താംബൂളിൽ നിന്നുള്ള തുർക്കി എയർലൈൻസ് വിമാനത്തിലാണ് നാടുകടത്തപ്പെട്ടവരെ ഡൽഹിയിൽ എത്തിച്ചത്. കഴിഞ്ഞ മൂന്നു തവണയായി 299 അനധികൃത കുടിയേറ്റക്കാരെ യുഎസ് സൈനിക വിമാനത്തിൽ വിലങ്ങു വച്ചാണ് ഇന്ത്യയിൽ ഇറക്കിയത്. പഞ്ചാബിൽ നിന്നും 4 പേരും ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നും 3 പേർ വീതവും ഡൽഹിയിൽ നിന്നും ഒരാളും തിരിച്ചറിയൽ രേഖകൾ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരാളുമാണ് സംഘത്തിൽ ഉള്ളതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശനവേളയിൽ പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാൻ ഇന്ത്യ ബാധ്യസ്തമാണെന്നും വിദേശകാര്യ മന്തി എസ് ജയശങ്കർ രാജ്യസഭയിൽ നേരത്തെ പറഞ്ഞിരുന്നു.