ബലൂചിസ്താനിൽ ചാവേർ ബോംബാക്രമണം; നാല് മരണം, 38 പേർക്ക് പരിക്ക്

ലാഹോർ : പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 38 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അസോസിയേറ്റ് പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബലൂചിസ്താനിലെ ഖുദർ ജില്ലയിലാണ് സ്ഫോടനം. കുട്ടികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഡെപ്യൂട്ടി കമീഷണർ യാസിർ ഇഖ്ബാൽ പറഞ്ഞു. സ്കൂൾ ബസിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ബലൂച് വിഘടനവാദികൾക്ക് സ്ഫോടനത്തിന് പങ്കുള്ളതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അക്രമത്തെ അപലപിച്ച് പാകിസ്താൻ ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്‍വി രംഗത്തെത്തി. കുട്ടികളുടെ മരണം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ കുട്ടികളെ ആക്രമിച്ചത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബലൂചിസ്താൻ ലിബറേഷൻ ആർമി ഉൾപ്പടെയുള്ള സംഘടനകൾക്ക് മേഖലയിൽ നിരന്തരമായി ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്തത്.നേരത്തെ ക്വില അബ്ദുല്ലാഹിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ ബലൂചിസ്താനിൽ നാല് പേർ മരിച്ചിരുന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജബ്ബാർ മാർക്കറ്റിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ഇത് മേഖലയെ ആകെ ആശങ്കയിലാക്കിയിരുന്നു.