ഇന്തോനേഷ്യയിൽ ജനകീയ പ്രക്ഷോഭം; നാല് മരണം

ജക്കാർത്ത : ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ പൊലീസ് വാഹനം ഇടിച്ച് റൈഡ്-ഷെയർ ഡ്രൈവറായ അഫാൻ കുർണിയാവാൻ എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധങ്ങൾ രൂക്ഷമായി തുടരുന്നു. പൊലീസിന്റെ മൊബൈൽ ബ്രിഗേഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാർച്ചിനിടെ കൗൺസിൽ കെട്ടിടത്തിന് തീയിട്ടതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു.
ഗോജെക്, ഗ്രാബ് തുടങ്ങിയ റൈഡ്-ഷെയർ സേവനങ്ങളിൽ ജോലി ചെയ്തിരുന്ന ഡെലിവറി ഡ്രൈവറായിരുന്നു അഫാൻ കുർണിയാവാൻ. ഇന്തോനേഷ്യയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ കവചിത വാഹനം ഇടിച്ചാണ് അഫാൻ മരിച്ചത്. വേതനം ഉയർത്തുക, നികുതി കുറക്കുക, രാഷ്ട്രീയക്കാർക്കുള്ള അലവൻസുകൾ നീക്കം ചെയ്യുക എന്നിവ ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് ഈ ദാരുണ സംഭവം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 580 പാർലമെന്റ് അംഗങ്ങൾക്ക് പ്രതിമാസം 50 മില്യൺ രൂപ (3,041 ഡോളർ) ഭവന അലവൻസ് ലഭിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതാണ് പ്രതിഷേധത്തിന് കാരണം. ജീവിതച്ചെലവുകളുടെ വർധനവ്, നികുതി, തൊഴിലില്ലായ്മ എന്നീ സാഹചര്യത്തിൽ ജനപ്രതിനിധികളുടെ അലവൻസ് വർധിപ്പിച്ചത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.
യുവാവിന്റെ മരണത്തിന് കാരണമായ വാഹനം പൊലീസിന്റേതാണെന്ന് ജക്കാർത്ത പൊലീസ് മേധാവി അസെപ് എഡി സുഹേരി സ്ഥിരീകരിച്ചു. ഏഴ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പ്രബോവോ സുബിയാന്റോ സുതാര്യമായ അന്വേഷണത്തിനും ഉത്തരവിട്ടു. ജക്കാർത്തക്ക് പുറമേ സുരബായ, ബന്ദുങ്, മകാസർ, മെദാൻ, യോഗ്യകാർത്ത തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ വ്യാപിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പാർലമെന്റ് അംഗങ്ങളുടെ അമിത ആനുകൂല്യങ്ങൾ എന്നിവയാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങൾ.