മാൾട്ടാ വാർത്തകൾ

പൊതുപണം ദുരുപയോഗം : AWAS മുൻ സി.ഇ.ഒക്ക് രണ്ടുവർഷത്തെ തടവ്

പൊതുപണം ദുരുപയോഗം ചെയ്തതിന് ഏജൻസി ഫോർ വെൽഫെയർ ഓഫ് അസൈലം സീക്കേഴ്‌സിൻ്റെ (AWAS) മുൻ സിഇഒയെ കോടതി ശിക്ഷിച്ചു. 57 കാരനായ ജോസഫ് മൈക്കൽ ബാൽഡാച്ചിനോ 2016 നും 2018 നും ഇടയിൽ AWAS ൻ്റെ ചീഫ് എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിരുന്നു. സ്വകാര്യ വസ്തുക്കൾ വാങ്ങുന്നതിന് ഏജൻസിയുടെ ഫണ്ട് എടുത്തുവെന്നും ആവാസ് ജീവനക്കാരെ തന്റെ സ്വകാര്യ ജോലികൾക്ക് നിയോഗിച്ചുവെന്നുമാണ് ഇൻ്റേണൽ ഓഡിറ്റ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിനുള്ളിലെ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡയറക്‌ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും മൂന്ന് വർഷത്തേക്ക് സസ്പെഷനും വിധിച്ച കോടതി ഏജൻസിക്കുണ്ടായ നഷ്ടത്തിന് പ്രതിഫലമായി 602 യൂറോ തിരികെ നൽകാനും ഉത്തരവിട്ടു.

ഒരു വനിതക്കൊപ്പം Ta’ Xbiex റെസ്റ്റോറൻ്റിൽ നിന്നു കഴിച്ച ഭക്ഷണ ബില്ലായ 38.75 യൂറോ ഏജൻസി ഫണ്ടിൽ ബിൽ ചെയ്യണമെന്ന് ബാൽഡാച്ചിനോഒരു ജീവനക്കാരനോട് നിർബന്ധം പിടിക്കുകയായിരുന്നു. ഏജൻസിക്ക് ആയിരക്കണക്കിന് യൂറോ ലാഭിച്ചു നൽകിയ സ്ത്രീ ആയതിനാലാണ് ഏജൻസി ചെലവിൽ ഉച്ചഭക്ഷണം വാങ്ങി നൽകിയതെന്നാണ് ആദ്യ മൊഴി. എന്നാൽ, സ്ത്രീ ഇക്കാര്യം നിഷേധിച്ചു. ക്രോസ് വിസ്താരത്തിൽ, ബാൽഡാച്ചിനോ തന്ത്രം മാറ്റി, തന്നോടൊപ്പം ഉച്ചഭക്ഷണം കഴിച്ചത് അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണറാണെന്നും പറഞ്ഞു. എന്നാൽ, ഏജൻസി ജീവനക്കാർക്കുള്ള ഭക്ഷണത്തിനല്ലാതെ ഏജൻസി പണം ഉപയോഗിക്കുന്നതിൽ നിന്ന് സ്ഥിരം സെക്രട്ടറി വിലക്കിയിട്ടുണ്ടെന്ന വിശദീകരണത്തോടെ ജീവനക്കാരൻ ആവശ്യം തള്ളി.

മറ്റൊരു സംഭവം, Ħal ഫാർ ഓപ്പൺ സെൻ്ററിൽ ഒരു മണിക്കൂറിന് 4 യൂറോയ്ക്ക് ക്ലീനറായി ജോലി ചെയ്യാൻ ഏജൻസി നിയോഗിച്ചിരുന്ന ഒരാളെ ചുറ്റിപ്പറ്റിയാണ്. 2017 ജൂൺ 14, 15, 17 തീയതികളിൽ പ്രതിയുടെ മകൻ ടെൻ്റ് വില്ലേജിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി കൽക്കരയിലെ ഒരു ഗാരേജിലേക്ക് കൊണ്ടുപോയി, അവിടെ 26 മണിക്കൂറോളം ബൽദാച്ചിനോയുടെ ബോട്ട് വൃത്തിയാക്കിയതായി ക്ലീനർ മൊഴി നൽകി.തൻ്റെ സേവനങ്ങൾക്ക് തനിക്ക് ഒരിക്കലും പ്രതിഫലം ലഭിച്ചിട്ടില്ലെന്നും കൽക്കര ഗാരേജിൽ ചെലവഴിച്ച സമയം ഏജൻസിയിലെ തൻ്റെ ഹാജർ ഷീറ്റിൽ നിയമവിരുദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലീനർക്ക് നൽകാൻ തൻ്റെ മകന് 120 യൂറോ പണമായി നൽകിയിട്ടുണ്ടെന്ന് ബാൽഡാച്ചിനോ കോടതിയിൽ വാദിച്ചെങ്കിലും അദ്ദേഹത്തിൻറെ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല.

ഏജൻസിയുടെ സാമ്പത്തിക വകുപ്പിലെ ജീവനക്കാർ നൽകിയ തെളിവുകളുടെയും സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ, കൽക്കര ഗാരേജിലേക്ക് കൊണ്ടുപോയ ദിവസങ്ങളിൽ ക്ലീനർ രേഖപ്പെടുത്തിയ മണിക്കൂറുകൾ അംഗീകരിക്കാൻ ഫിനാൻഷ്യൽ ഓഫീസർ വിസമ്മതിച്ചു. അവ അംഗീകരിക്കാൻ സിഇഒ ആവശ്യപ്പെട്ടെങ്കിലും ഫിനാൻഷ്യൽ ഓഫീസർ അത് മുഖവിലയ്ക്ക് എടുത്തില്ല. 2017 ജൂണിൽ ക്ലീനർക്ക് നൽകിയ പേയ്‌മെൻ്റിൻ്റെ അവലോകനത്തിൽ ബാൽഡാച്ചിനോയുടെ ബോട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ ചെലവഴിച്ച മണിക്കൂറുകൾ ഉൾപ്പെടുന്നുണ്ടെന്നു കോടതി കണ്ടെത്തി. സിഇഒ എന്ന നിലയിൽ, പ്രതി തൻ്റെ സേവനത്തിനായി തൊഴിലാളികളെയും ഏജൻസിയിൽ നിന്നുള്ള ഫണ്ടിനെയും ആസൂത്രിതമായി ഉപയോഗിച്ച് തൻ്റെ സ്ഥാനം ദുരുപയോഗം ചെയ്തു എന്ന വസ്തുത കോടതിക്ക് അവഗണിക്കാൻ കഴിഞ്ഞില്ല.

2016-ൽ നിയമിതനായതിന് തൊട്ടുപിന്നാലെ, ഏജൻസിയിൽ ഒരു സപ്പോർട്ട് വർക്കറായി മകനെ നിയമിച്ചത് ജീവനക്കാർക്കിടയിൽ വിവാദമായിരുന്നു. .2017-ലെ മറ്റൊരു സംഭവത്തിൽ, മന്ത്രാലയ ഉദ്യോഗസ്ഥൻ്റെ മകനെ AWAS-ൽ നിയമിക്കുന്നതിനായി വ്യാജ ഒഴിവ് സൃഷ്ടിച്ചുവെന്ന് പുറത്തുവന്നതിന് ശേഷം ബാൽഡാച്ചിനോക്ക് താക്കീത് ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button