തായ്ലൻഡ് മുൻ രാജ്ഞി സിരികിത് അന്തരിച്ചു

ബാങ്കോക്ക് : തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് റോയൽ ഹൗസ്‌ഹോൾഡ് ബ്യൂറോ അറിയിച്ചു. രക്തത്തിൽ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനാൽ കുറച്ചു വർഷങ്ങളായി പൊതുമധ്യത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഭർത്താവും മുൻ രാജാവുമായ ഭൂമിബോൽ അതുല്യതേജ് 2016 ഒക്ടോബറിലാണ് അന്തരിച്ചത്. തായ്ലൻഡിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവായിരുന്നു ഭൂമിബോൽ അതുല്യതേജ്. നിലവിലെ രാജാവായ മഹാ വജിരലോങ്കോൺ മകനാണ്. വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു സിരികിത്. സിരികിതിന്റെ ജന്മദിനമായ ആഗസത് 12 തായ്ലൻഡിൽ മാതൃദിനമായി ആഘോഷിക്കുന്നു. കംബോഡിയൻ അഭയാർത്ഥികളെ സഹായിക്കുന്നതും രാജ്യത്തെ സമൃദ്ധമായ വനങ്ങളുടെ നശീകരണം തടയുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അവരെ ജനകീയയാക്കി.
സിരികിത് രാജ്ഞിയുടെ മൃതദേഹം ബാങ്കോക്കിലെ ഗ്രാൻഡ് പാലസിലെ ഡുസിറ്റ് തോൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് കൊട്ടാരം അറിയിച്ചു. തായ് രാജകുടുംബാംഗങ്ങൾ ഒരു വർഷം ദുഃഖം ആചരിക്കും. രാജ്ഞിയുടെ മരണത്തെത്തുടർന്ന് മലേഷ്യയിൽ നടക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ (ആസിയാൻ) ഉച്ചകോടിയിലേക്കുള്ള യാത്ര തായ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ റദ്ദാക്കി.
1932 ആഗസ്ത് 12 ന് ബാങ്കോക്കിലെ ഒരു സമ്പന്ന പ്രഭുകുടുംബത്തിലാണ് സിരികിത് ജനിച്ചത്. പൂർണമായ രാജവാഴ്ച ഭരണഘടന വ്യവസ്ഥയിലേക്ക് മാറിയ വർഷം തന്നെയാണ് സിരികിത് ജനിച്ചത്. ഫ്രാൻസിലെ തായ് അംബാസഡറായിരുന്നു സിരികിതിന്റെ പിതാവ്. പാരീസിൽ സംഗീതം പഠിക്കുന്നതിനിടെയാണ് സിരികിത് രാജാവ് ഭൂമിബോലിനെ കണ്ടുമുട്ടിയത്. 1950 ഏപ്രിൽ 28 ന്, ഭൂമിബോൽ അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും വിവാഹിതരായി. നിലവിലെ രാജാവ് വജിരലോങ്കോൺ, ഉബോൾരതാന, സിരിന്ദോൺ, ചുലബോൺ എന്നിവർ മക്കളാണ്.



