ഇംഗ്ലീഷ് ക്രിക്കറ്റ് താരവും പരിശീലകനുമായ ഗ്രഹാം തോർപ്പ് അന്തരിച്ചു
ലണ്ടന്‍: ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം ഗ്രഹാം തോര്‍പ്പ്(55) അന്തരിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണവിവരം പുറത്തുവിട്ടത്. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 1993നും 2005നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇടങ്കൈയൻ ബാറ്ററായ താരം 16 സെഞ്ച്വറികൾ ഉൾപ്പെടെ ടെസ്റ്റിൽ 44.66 ശരാശരിയിൽ 6,744 റൺസാണ് നേടിയത്. ഏകദിന ക്രിക്കറ്റിൽ 77 ഇന്നിംഗ്സില്‍ നിന്നായി 21 അർധസെഞ്ചുറികൾ ഉൾപ്പെടെ 37.18 ശരാശരിയിൽ 2,380 റൺസും അടിച്ചുകൂട്ടി.ഇംഗ്ലണ്ടിന്റെ പല വിജയങ്ങളിലും നിർണായക പങ്ക് വഹിച്ച ഗ്രഹാം തോർപ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.
1993ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു തോര്‍പ്പ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ആഷസ് പരമ്പരയിലൂടെ ടെസ്റ്റില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ തോര്‍പ്പ് രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി(114) നേടിയാണ് വരവറിയിച്ചത്. ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 200 റണ്‍സാണ് മികച്ച സ്കോര്‍.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 വര്‍ഷക്കാലം സറേയ്ക്കായി കളത്തിലിറങ്ങിയ തോര്‍പ്പ് ടീമിനായി 271 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 20,000ത്തോളം റണ്‍സും നേടി.
വിരമിച്ചശേഷം 2010ൽ ഇംഗ്ലണ്ടിനുവേണ്ടി ബാറ്റിംഗ് പരിശീലകനായും സഹപരിശീലകനായും സേവനമനുഷ്ഠിച്ചു. 2022ലെ ആഷസില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് 4-0ന്റെ തോല്‍വി വഴങ്ങിയതോടെയാണ് തോര്‍പ്പ് ബാറ്റിംഗ് കോച്ച് സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്. 2022 മാർച്ചിൽ അഫ്ഗാനിസ്ഥാൻ മുഖ്യപരിശീലകനായി സ്ഥാനമേറ്റെങ്കിലും ടീമിനൊപ്പം ചേരുന്നതിനു മുമ്പ് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.