മാൾട്ടാ വാർത്തകൾ

സാമ്പത്തിക ആസൂത്രണനയത്തിൽ മാറ്റം വരുത്താതെ മാൾട്ടയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്താനാകില്ലെന്ന് എം.ഇ.എ

മാള്‍ട്ടയുടെ സാമ്പത്തിക ആസൂത്രണത്തിലും മുന്‍ഗണനയിലും സമൂല മാറ്റം അനിവാര്യമെന്ന് മാള്‍ട്ട എംപ്ലോയീസ് അസോസിയേഷന്റെ പുതിയ ഡയറക്ടര്‍ ജനറല്‍ കെവിന്‍ ബോര്‍ഗ്. വിദേശ തൊഴിലാളികളെ ചുറ്റിപ്പറ്റി നിലവില്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ പരിഹരിക്കാന്‍ തലമുറകളുടെ ദൈര്‍ഘ്യം തന്നെ വേണ്ടിവരുമെന്നും സാമ്പത്തിക ആസൂത്രണനയത്തില്‍ മാറ്റം വരുത്താതെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ മാള്‍ട്ടക്ക് കഴിയില്ലെന്നും ബോര്‍ഗ് ചൂണ്ടിക്കാട്ടി.ഇന്നലെ കോര്‍പ്പറേറ്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മാള്‍ട്ടയുടെ ഭാവി പ്രതീക്ഷകള്‍ ബോര്‍ഗ് പങ്കുവെച്ചത്.

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കുറവ് ഫെര്‍ട്ടിലിറ്റി റേറ്റ് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് മാള്‍ട്ട. ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും വിദേശ തൊഴിലാളികളെ
ആശ്രയിക്കുന്ന തരത്തിലുമാണ്.മാള്‍ട്ടയുടെ വിദേശ പൗരന്മാരെ ആശ്രയിക്കുന്നത് തുടരുന്നത് നിരവധി മാള്‍ട്ടീസ് പ്രൊഫഷണലുകളെ വിദേശ തൊഴില്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ആഭ്യന്തര വളര്‍ച്ചയാണ് മാള്‍ട്ട സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകം. ആഭ്യന്തര വളര്‍ച്ചയെ അമിതമായി ആശ്രയിക്കുന്നതിന്റെ ചില ദൂഷ്യഫലങ്ങളും മാള്‍ട്ട നേരിടുന്നുണ്ട്. ഉപഭോക്താക്കള്‍ക്കും വിഭവങ്ങള്‍ക്കുമായി ഉയര്‍ന്ന ആഭ്യന്തര മത്സരം നടക്കുന്നത് ചെലവ് വര്‍ധിപ്പിക്കല്‍, ലാഭം ഇല്ലാതാക്കല്‍ എന്നിവയിലേക്ക് നയിച്ചു. അതോടെ രാജ്യത്ത് ബിസിനസ് മാര്‍ജിനുകള്‍ ഏറ്റവും കുറഞ്ഞ നിരക്കിലായി.’ഉയര്‍ന്ന വാടക വില കാരണം പ്രവര്‍ത്തന ചെലവ് വര്‍ദ്ധിക്കുന്നത് റീട്ടെയില്‍, കാറ്ററിംഗ് തുടങ്ങിയ വാണിജ്യ മേഖലകളെ ബാധിക്കുന്നുണ്ട്. ഇത് ജീവനക്കാരെ കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ”അതിനാല്‍, ഭാവി നിക്ഷേപ തീരുമാനങ്ങളെക്കുറിച്ച് സംരംഭകര്‍
കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത് ആശ്ചര്യകരമല്ല,” ബോര്‍ഗ് കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍, മാള്‍ട്ടയ്ക്ക് അതിന്റെ മുന്‍ഗണനകളുടെ പുനര്‍രൂപകല്‍പ്പനയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിലൂടെ കയറ്റുമതിയുടെ വളര്‍ച്ച ഉയര്‍ത്തുകയും ചെയ്യുന്ന നിലപാടുകള്‍ അനിവാര്യമായി വരുന്നുവെന്നാണ് ബോര്‍ഗിന്റെ വിലയിരുത്തല്‍.
രാജ്യത്തിന്റെ ഭൗതികവും സാമൂഹികവുമായ സ്വഭാവസവിശേഷതകള്‍ക്ക് അനുസൃതമായി സാമ്പത്തിക നയം തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.ഗുണനിലവാരം, നവീകരണം, സാങ്കേതികവിദ്യയുടെ സ്വീകാര്യത, ജനങ്ങളുടെ ക്ഷേമവുമായി പൊരുത്തപ്പെടുന്ന തന്ത്രപ്രധാനമായ ദീര്‍ഘകാല ആസൂത്രണം എന്നിവയിലൂടെ മാത്രമേ സുസ്ഥിരമായ വളര്‍ച്ച സാധ്യമാകൂ- ബോര്‍ഗ് ഓര്‍മിപ്പിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button