ഭക്ഷ്യവില വർധിക്കുന്നു; മാൾട്ടയിലെ ജീവിതച്ചെലവ് ഇ.യുവിനേക്കാൾ ഉയരെയെന്ന് എൻഎസ്ഒ

മാൾട്ടയിലെ വാർഷിക പണപ്പെരുപ്പനിരക്ക് യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ശരാശരിയേക്കാൾ കൂടുതലായി തുടരുന്നു. ജൂലൈയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.5 ശതമാനമാണ്. മുൻമാസത്തേക്കാൾ വ്യത്യാസമില്ലാതെ വാർഷിക പണപ്പെരുപ്പ നിരക്ക് തുടരുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. യൂറോപ്യൻ യൂണിയന്റെ വാർഷിക പണപ്പെരുപ്പ ശരാശരി 2.4% ഉം യൂറോസോൺ ശരാശരി 2.0% ആണ്.
വാർഷിക പണപ്പെരുപ്പത്തിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് ഭക്ഷ്യ, ലഹരി ഇതര പാനീയ സൂചികയിലാണ് (+0.64 ശതമാനം പോയിന്റുകൾ), പ്രധാനമായും മാംസത്തിന്റെ വില ഉയർന്നതാണ് ഇതിന് കാരണം. രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വർധന റസ്റ്റോറന്റ്, ഹോട്ടൽ സൂചികയിലും (+0.62 ശതമാനം പോയിന്റുകൾ) ഗതാഗത സൂചികയിലും (+0.54 ശതമാനം പോയിന്റുകൾ) ആണ്. പ്രധാനമായും മാൾട്ടയിലെ റസ്റ്റോറന്റ് സേവനങ്ങളുടെയും വ്യോമഗതാഗത സേവനങ്ങളുടെയും വില ഉയർന്ന നിലയിലാണ്. വസ്ത്ര, പാദരക്ഷ സൂചികയിൽ (-0.01 ശതമാനം പോയിന്റുകൾ) കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് .മൊബൈൽ ഫോൺ ഉപകരണങ്ങളുടെയും പാദരക്ഷകളുടെയും വിലക്കുറവിനെ സൂചിപ്പിക്കുന്നതാണ് ഈ കണക്ക്.