വിമാനത്തിനുള്ളിലെ പവർബാങ്ക് ഉപയോഗം; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫ്ലൈദുബൈ

ദുബൈ : ഒക്ടോബർ ഒന്ന് മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നത് യുഎഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റസ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിമാനക്കമ്പനിയായ ഫ്ലൈദുബൈ പവർബാങ്ക് സംബന്ധിച്ച് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
സുരക്ഷാ കാരണങ്ങളാൽ യുഎഇ എയർലൈനുകൾ പോർട്ടബിൾ ബാറ്ററികൾ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
“100Wh അല്ലെങ്കിൽ അതിൽ കുറവ് വാട്ട്-അവർ (Wh) റേറ്റിങ് അഥവാ 27,000 Mah ൽ താഴെയാണ് എന്ന് ഉപകരണത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പവർ ബാങ്ക് വിമാനത്തിനുള്ളിൽ കൊണ്ടുപോകാം.
യാത്രക്കാർക്ക് അവരുടെ ഹാൻഡ് ബാഗേജിൽ ഒരാൾക്ക് ഒരു പവർ ബാങ്ക് കൊണ്ടുപോകാം. 100Wh കവിയുന്ന ഉപകരണങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു,” ഫ്ലൈ ദുബൈ പറഞ്ഞു.
വിമാനയാത്രയ്ക്കിടെ ഉപയോഗ നിയന്ത്രണങ്ങൾ
വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു, പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ മാത്രമേ സൂക്ഷിക്കാവൂ,
സീറ്റിനടിയിലോ യാത്രക്കാരന്റെ മുന്നിലുള്ള സീറ്റ് പോക്കറ്റിലോ ഇത് സൂക്ഷിക്കണം. സീറ്റിന് മുകളിലുള്ള ലോക്കറിൽ (ഓവർഹെഡ് ലോക്കറിൽ) സൂക്ഷിക്കരുത്.
സുരക്ഷയ്ക്കും കൈവശം വയ്ക്കുന്നതിനുമുള്ള വ്യവസ്ഥകൾ
പവർ ബാങ്കുകൾ ഓഫ് ചെയ്യുകയും ഷോർട്ട് സർക്യൂട്ടുകളിൽ നിന്നോ ആകസ്മികമായി ആക്ടിവേഷൻ സംഭവിക്കുന്നതിൽ നിന്നോ സംരക്ഷിക്കുകയും വേണം.
പവർ ബാങ്കുകൾ അവയുടെ യഥാർത്ഥ പാക്കേജിങ്ങിലോ ഒരു പ്രൊട്ടക്ടീവ് പൗച്ചിലോ സൂക്ഷിക്കാൻ ഫ്ലൈദുബൈ ശുപാർശ ചെയ്യുന്നു.
പവർ ബാങ്ക് ചെക്ക്ഡ് ബാഗേജിനുള്ളിൽ വയ്ക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
പവർ ബാങ്കുകൾക്കുള്ള ഫ്ലൈ ദുബൈ നൽകിയ മാർഗനിർദ്ദേശങ്ങൾ ഒറ്റനോട്ടത്തിൽ
*ഹാൻഡ് ബാഗേജ് മാത്രം സൂക്ഷിക്കുക
*ഒരു യാത്രക്കാരന് ഒരു പവർ ബാങ്ക് മാത്രം അനുവദിക്കും
*പരമാവധി 100Wh അഥവാ 27,000Mah ൽ വരെ മാത്രം ശേഷിയുള്ള പവർബാങ്കുകൾ മാത്രമാണ് അനുദനീയം. 100Wh-ൽ കൂടുതലുള്ള ഉപകരണങ്ങൾ നിരോധിച്ചിരിക്കുന്നു.
*വിമാനത്തിനുള്ളിൽ ചാർജിങ് ഉപകരണങ്ങളോ പവർ ബാങ്കോ ഉപയോഗിക്കരുത്
*സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കുക; ഓവർഹെഡ് ലോക്കറുകളിൽ വയ്ക്കരുത്.
*ചെക്ക്ഡ് ബാഗേജുകൾക്കുള്ളിൽ പവർ ബാങ്ക് സൂക്ഷിക്കാൻ പാടില്ല.
* ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്തിരിക്കണം,
ലിഥിയം ബാറ്ററി നിയമങ്ങൾ:
*ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഇ-സിഗരറ്റുകൾ, റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ, ഡിജിറ്റൽ ക്യാമറകൾ, മറ്റ് ലിഥിയം പവർ ഉപകരണങ്ങൾ എന്നിവയ്ക്ക് ഈ നിർദ്ദേശങ്ങൾ ബാധകമാണ്.
* ചെക്ക്ഡ് ബാഗേജിലെ ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്ത് സുരക്ഷിതമാക്കണം.
* നിങ്ങളുടെ കൈവശമുള്ള ഒരു ഉപകരണത്തെ കുറിച്ച് സംശയമുണ്ടോ? എങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈദുബൈയുമായി ബന്ധപ്പെടുക.
ലിഥിയം ബാറ്ററികളുടെ ആഗോള സുരക്ഷാ മാനദണ്ഡങ്ങളുമായി യോജിക്കുന്ന ഈ പുതിയ നിയമങ്ങൾ, വിമാനയാത്രാ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട സാധ്യതയുള്ള അപകടങ്ങൾ തടയുന്നതിനുമുള്ള യുഎഇ വിമാന കമ്പനികളുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.