യൂറോപ്യൻ യൂണിയൻ വാർത്തകൾ

വടക്കൻ ഇറ്റലിയിൽ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഫ്ലോറൻസിലും പിസയിലും റെഡ് അലർട്ട്

റോം : വടക്കൻ ഇറ്റലിയിൽ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഫ്ലോറൻസിലും പിസയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. ടസ്കനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഫ്ലോറൻസ് കത്തീഡ്രൽ അടച്ചു.

ഫ്ളോറൻസിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ നദികൾ കര കവിഞ്ഞൊഴുകുകയും തെരുവുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ജാഗ്രത പുലർത്താൻ ടസ്കനി പ്രസിഡന്‍റ് യൂജെനിയോ ഗിയാനി ഇന്നലെ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഫ്ലോറൻസിന് വടക്കുള്ള സെസ്റ്റോ ഫിയോറെന്‍റിനോ പട്ടണത്തിൽ വെള്ളത്തിൽ മുങ്ങിയ കാറുകളുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ രക്ഷാപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രതയിലാണെന്ന് ടസ്കനി പ്രസിഡന്‍റ് പറഞ്ഞു.

ഫ്ലോറൻസിൽ വെള്ളിയാഴ്ച രാവിലെ ഒരു മാസത്തെ മഴ പെയ്തെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കൂറിനുള്ളിൽ മാത്രം ഫ്ലോറൻസിൽ 53 മി.മീ മഴ പെയ്തു. ബൊളോണയിൽ മണ്ണിടിച്ചിലുണ്ടായി. വ്യാഴാഴ്ച വൈകുന്നേരം ടസ്കനിയിലെ ബാഡിയ പ്രതാഗ്ലിയയിൽ മണ്ണിടിച്ചിലിൽ നിന്ന് നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടസ്കനിയിലെ 60ലധികം മുനിസിപ്പാലിറ്റികളിൽ സ്കൂളുകൾ അടച്ചിട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button