യുഎഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ദുബൈ : പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നതിന്റെ സൂചനകള്‍ നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അയല്‍രാജ്യങ്ങളോട് മാപ്പപേക്ഷിക്കുകയും ഇനി ആക്രമിക്കില്ലെന്നും പ്രഖ്യാപിച്ചതോടെ മേഖല സാധാരണനിലയിലേക്ക്. ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ യു.എ.ഇയില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ യാത്രാ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി ട്രാവല്‍ ഏജന്‍സികളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമാണ്.
ഇന്നലെ മുതല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതായി ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍, വിമാനക്കമ്പനികള്‍ നേരിട്ട് ബന്ധപ്പെട്ട് യാത്ര സ്ഥിരീകരിക്കാത്ത പക്ഷം യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷെഡ്യൂളുകളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാലാണിത്.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവന വന്നതോടെ വിമാനയാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുമോ എന്ന് ഉറപ്പാക്കാനാണ് ഏജന്‍സികളെ പ്രധാനമായും സമീപിക്കുന്നത്. ചൈനയില്‍ നിന്നുള്ള ബിസിനസ്, ‘മൈസ്’ യാത്രകള്‍ വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് വൈസ്‌ഫോക്‌സ് ട്രാവല്‍സ് സീനിയര്‍ മാനേജര്‍ സുബൈര്‍ തെക്കേപ്പുറത്ത് വളപ്പില്‍ പറഞ്ഞു. സ്‌കൂള്‍ അവധിയും കുടുംബങ്ങള്‍ മടങ്ങിപ്പോകുന്ന സമയവുമായതിനാല്‍ വരും ആഴ്ചകളില്‍ തിരക്ക് വര്‍ദ്ധിക്കും.
എങ്കിലും, പെരുന്നാള്‍ അവധിക്ക് വിനോദയാത്രകള്‍ പ്ലാന്‍ ചെയ്തവര്‍ ഇപ്പോഴും ജാഗ്രത പാലിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോകുമോ എന്ന പേടിയാണ് പലരെയും തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സായുധ സേനയും വിമാനത്താവള അധികൃതരും സജ്ജമാണ്. വിമാന ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം- അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ദുബൈ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതര്‍ തള്ളി. വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ ചെറിയൊരു അവശിഷ്ടം പതിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
അതേസമയം, വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് വരുത്തി വിമാനകമ്പിനികൾ. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി നിലവില്‍ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയ്ക്ക് മുകളിലാണ് പ്രവാസികള്‍ നല്‍കേണ്ടി വരുന്നത്. മേഖലയിലെ പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയെങ്കിലും ഒമാനില്‍ നിന്ന് നിയന്ത്രിതമായി സര്‍വീസുകള്‍ തുടരുന്നത് പ്രവാസികള്‍ക്ക് ഏക ആശ്വാസമാണെങ്കിലും അമിത നിരക്ക് സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്.
നിലവില്‍ ഒമാന്‍ എയര്‍ മാത്രമാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത് എന്നതിനാലാണ് വിമാന ടിക്കറ്റ് നിരക്കുകളില്‍ ഇത്ര വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നോ നാളെയോ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ 535 ഒമാന്‍ റിയാല്‍ മുതല്‍ 544 റിയാല്‍ വരെയാണ് ഒരു ടിക്കറ്റിനായി മുടക്കേണ്ടി വരുന്നത്. സലാം എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കുറഞ്ഞ നിരക്കിലുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതിനാലും റംസാൻ സീസൺ ആരംഭിച്ചതിനാലും സ്‌കൂൾ അവധിക്കാലം എന്നിവ ടിക്കറ്റ് നിരക്ക് കുത്തനെ കൂടാൻ കാരണമായിത്. പല വിമാനങ്ങളും റൂട്ട് മാറ്റി പറക്കുന്നത് യാത്രാ സമയം വർദ്ധിപ്പിക്കുന്നുണ്ട്.
ബാധിത മേഖലകൾ: കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകളെയും, ഗൾഫ് നാടുകളിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയെയും
സർവീസുകൾ : മസ്‌കറ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.
പ്രവാസികൾ അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക



