കെനിയയിലെ വാഹനാപകടം: ഖത്തറിൽ നിന്ന് വിനോദയാത്രാ സംഘത്തിൽ മരിച്ചവരിൽ അഞ്ച് മലയാളികൾ

നെയ്റോബി : കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ചത്.
മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.