റഷ്യയുടെ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

കിയവ് : റഷ്യയുടെ ഡ്രോണാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ഞായറാഴ്ച അർധരാത്രി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർന്നതായും യുക്രൈൻ മാധ്യമങ്ങൾ അറിയിച്ചു.പോളണ്ടുമായി അതിർത്തി പങ്കിടുന്ന ലിവിവ് എന്ന പ്രദേശത്തെ തകർന്ന കെട്ടിടത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ആക്രമണത്തിൽ ലിവിവിന്റെ പ്രാദേശിക തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാർക്ക് പൂർണമായും കത്തിനശിച്ചു. നഗരം പൂർണമായും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് നഗരം പൂർണമായും ഇരുട്ടിലാണ്.. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങരുതെന്ന് മേയർ ആന്ദ്രേ സദോവി അറിയിച്ചു.
സമീപകാലത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണ് ലിവിവിലേതെന്ന് ഗവർണർ മാക്സിം കോസിറ്റിസ്കി പ്രതികരിച്ചു. 140 ഡ്രോണുകളും 23 മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളാണ് പൂർണമായും ഭാഗികമായും കത്തിനശിച്ചത്.