തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലുണ്ടായ അപകടത്തിൽ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുനിത (58) ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.
പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



