ഒമാനിലെ ദോഫാറിൽ വാഹനാപകടം; അഞ്ചുപേർ മരിച്ചു,11 പേർക്ക് പരിക്ക്

ദോഫാർ : ഒമാനിലെ ദോഫാറിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം. സംഭവത്തിൽ അഞ്ചു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മഖ്ഷന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് ഒമാൻ പൗരന്മാരും മൂന്ന് യു എ ഇ പൗരന്മാരുമുണ്ട്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ഒമാനികളും ഒമ്പത് യു എ ഇ സ്വദേശികളെയുമാണ് വിദഗ്‌ദ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ അഞ്ചു പേർ കുട്ടികളാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുംറൈത്ത് ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു മാറ്റി.
മൂന്ന് ദിവസം മുൻപ്, ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ സമാനമായ ഒരു വാഹനാപകടം സംഭവിച്ചിരുന്നു. അപകടത്തിൽ ഒരാള്‍ മരിക്കുകയും. ഒൻപത് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ നിസ്‌വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദാഖലിയ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് സ്ഥിരീകരിച്ചു എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അധികൃതർ തയ്യാറായിരുന്നില്ല.