ആദ്യ ഐഎസ്ആര്‍ഒ- നാസ സംയുക്ത ദൗത്യം; നിസാര്‍ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഐഎസ്ആര്‍ഒയും- അമെരിക്കയുടെ നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്‍ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്‍റെ പ്രധാനദൗത്യം.
ലോകത്തുതന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹവിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്‍റേത്. 150 കോടി ഡോളർ (13,000 കോടി രൂപ) ആണ് ചെലവ്. ഇതില്‍ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്. ഐഎസ്ആർഒയുടെ അഭിമാനമായ ജിഎസ്എല്‍വി-എഫ്16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 2,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കി.മീ അകലത്തിലൂടെ ഭ്രമണം ചെയ്യും.
പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാര്‍ഷിക മേഖലയിലും ഇതിന് കൃത്രിമ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും. നാസയുടെ ഒരു ഉപഗ്രഹത്തിനും സാധിക്കാത്ത തരത്തില്‍ നിസാറിന് ഭൗമ നിരീക്ഷണ വിവരങ്ങള്‍ ശേഖരിക്കാനാകും.
ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിന്‍റെയും വിവരങ്ങള്‍ 12 ദിവസത്തെ ഇടവേളയില്‍ ഇതിന് രേഖപ്പെടുത്താനാകും. ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങളിലൂടെ ഒരു സെന്‍റിമീറ്റര്‍ പോലുമുള്ള ചെറിയ മാറ്റങ്ങള്‍ ഇതിലൂടെ നിരീക്ഷിക്കാനാകും. ഭൂമിയുടെ അഭൂതപൂര്‍വമായ വിശദാംശങ്ങളോടുകൂടിയ ത്രിമാനദൃശ്യം നല്‍കുന്ന ആദ്യത്തെ ഉപഗ്രഹമാകും നിസാർ.