ആ ഫുട്പാത്ത് കയ്യേറ്റം ചരിത്രത്തിലേക്ക്, ഭാരതീയ ന്യായ സംഹിതയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ
ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിനാണ് കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതിയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സിക്ക് പകരമായി ഭാരതീയ ന്യായ സംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.കഴിഞ്ഞ വർഷം ആഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു.