കുവൈത്തിലെ ലേബർ ക്യാമ്പിൽ തീപിടുത്തം : 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, കൂട്ടത്തിൽ മലയാളികളും

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാലുപേര്‍ മരിച്ചതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മരണസംഖ്യ ഉയർന്നേക്കും. 30 മുതൽ 35 പേര്‍ വരെ തീപിടിത്തത്തില്‍ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ചു മറ്റ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുവൈത്തിലെ തീപിടിത്തത്തിൽ 30 പേർ മരിച്ചതായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയംസ്ഥിരീകരിച്ചു. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും അധികൃതർ അറിയിച്ചു
തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്. തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.