ദേശീയം

ആന്ധ്രയില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ തീപിടിത്തം

അമരാവതി : ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ചയും വാതകചോര്‍ച്ച ഉണ്ടായി. ഡോ. ബി ആര്‍ അംബേദ്കര്‍ കോണ്‍സീമ ജില്ലയിലെ ഒഎന്‍ജിസിയുടെ മോറി -5 കിണറ്റിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുമായി അധികൃതര്‍ കൂടിയാലോചന നടത്തുകയാണ്.

100 അടിയിലേറെ ഉയരത്തില്‍ തീജ്വാലകള്‍ പൊങ്ങി. രാസോളിന്റെ ചില ഭാഗങ്ങളില്‍ കറുത്ത പുക നിറഞ്ഞു. രാത്രി മുഴുവന്‍ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് സമീപത്തുള്ള തെങ്ങിന്‍തോപ്പുരളിലേയ്ക്കും മത്സ്യകൃഷി നടത്തുന്ന കുളങ്ങളിലേയ്ക്കും തീ പടരുന്നത് തടയാന്‍ കഴിഞ്ഞത്.

ഡല്‍ഹിയില്‍ നിന്നുള്ള ദുരന്ത പ്രതികരണ വിദഗ്ധരുടെ പ്രത്യേക സംഘവും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നിലവില്‍ അഗ്നിശമന സംഘങ്ങള്‍ നാല് ഭാഗങ്ങളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്ത് കിണറിന്റെ മുകള്‍ഭാഗം തണുപ്പിക്കാനും തീ പടരുന്നത് തടയാനും ഉയര്‍ന്ന മര്‍ദമുള്ള പൈപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.

കിണര്‍ 30 മുതല്‍ 40 ദശലക്ഷം ടണ്‍ കരുതല്‍ ശേഖരം അടങ്ങിയ ഒരു ഇന്‍സുലേറ്റഡ് പാളിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ജില്ലാ കലക്ടര്‍ ആര്‍ മഹേഷ് കുമാര്‍ പറഞ്ഞു. ഉച്ചയോടെ ഭൂഗര്‍ഭ മര്‍ദം കുറഞ്ഞില്ലെങ്കില്‍ കിണര്‍ അടയ്‌ക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് കുറെ ദിവസങ്ങള്‍ എടുക്കേണ്ടി വരും. മാത്രമല്ല വളരെ സങ്കീര്‍ണമായ പ്രവൃത്തിയാണ് താനും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജില്ലാ നോ ഗോ സോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപ ഗ്രാമങ്ങളിലെ 600ലധികം താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. തീ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പടരുന്നത് തടയാന്‍ വൈദ്യുതി ഉപകരണങ്ങള്‍, ഗ്യാസ് സ്റ്റൗ എന്നിവ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. അടുത്ത 48 മണിക്കൂര്‍ നേരം സ്‌കൂളുകള്‍ അടച്ചിട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20നാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. കിണറിന്റെ ഉല്‍പ്പാദക്ഷമത വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ആദ്യ ചോര്‍ച്ചയുണ്ടായത്. ഒഎന്‍ജിസിയുടെ കരാറുകാരനായ ഡീപ് ഇന്‍സഡ്ട്രീസ് ലിമിറ്റഡ് ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2.7 കിലോമീറ്റര്‍ താഴ്ചയില്‍ പെര്‍ഫോറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ പെട്ടെന്നുണ്ടായ മര്‍ദനവര്‍ധനവില്‍ വാതക-അസംസ്‌കൃത-എണ്ണ മിശ്രിതം പൊട്ടിത്തെറിച്ച് മിനിറ്റുകള്‍ക്കകം തീ പടരുകയായിരുന്നു.

ഭൂഗര്‍ഭമര്‍ദം കുറയുകയോ പൈപ്പ്‌ലൈന്‍ സംവിധാനം തകരുകയോ ചെയ്യുന്നതുവരെ തീ തുടരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പരിസരപ്രദേശങ്ങളിലേക്ക് അപകടത്തിനുള്ള സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ജില്ലാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും പൊതുസുരക്ഷ ഉറപ്പാക്കാനും പരിഭ്രാന്തി തടയാനും കിംവദന്തികള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button