ദക്ഷിണ കൊറിയയില്‍ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ തീപിടിത്തം; 647 അവശ്യ സര്‍വീസുകള്‍ താറുമാറായി

സിയോള്‍ : ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 647 അവശ്യ സര്‍വീസുകളുടെ പ്രവര്‍ത്തനം നിലച്ചു. രാജ്യത്തെ പ്രധാന ഡാറ്റാ സെന്ററിലാണ് അപകടമുണ്ടായത്. മൊബൈല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ തകരാറിലായതോടെ ഡിജിറ്റല്‍ ഐഡികളെ മാത്രം ആശ്രയിക്കുന്ന വിമാനത്താവള യാത്രക്കാര്‍ കുടുങ്ങി. തപാല്‍ ബാങ്കിങ്, കാര്‍ഡ് പേയ്‌മെന്റുകള്‍, സര്‍ക്കാര്‍ ഇമെയില്‍ സംവിധാനങ്ങള്‍ എന്നിവയും താറുമാറായി.
സര്‍ക്കാര്‍ ഡേറ്റാ സെന്ററിനെ ലിഥിയം-അയോണ്‍ ബാറ്ററി സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തം രാജ്യത്തെ ലക്ഷക്കണക്കിനുപേരെയാണ് നേരിട്ട് ബാധിച്ചത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 8:20-ന് ഡേജിയോണിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സസ് സര്‍വീസ് കേന്ദ്രത്തില്‍ അറ്റകുറ്റപ്പണിക്കിടെ വിച്ഛേദിച്ച ഒരു ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
119 രക്ഷാപ്രവര്‍ത്തന സംവിധാനത്തിന്റെ ലൊക്കേഷന്‍ ട്രാക്കിങ് ശേഷി നഷ്ടപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സര്‍ക്കാര്‍ സേവനങ്ങള്‍ വ്യാപകമായി തടസപ്പെടുമെന്ന് പൗരന്മാര്‍ക്ക് ശനിയാഴ്ച രാവിലെ മുതല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ നേരിട്ട് ഓഫീസുകളില്‍ എത്താനും സന്ദേശത്തില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ ശനിയാഴ്ച നടത്തിയ അടിയന്തര വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി കിം മിന്‍-സിയോ രാജ്യത്തോട് ക്ഷമാപണം നടത്തി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരിടത്ത് കേന്ദ്രീകരിച്ചത് തീ നിയന്ത്രിക്കുന്നതിനടക്കം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.